തിരുവനന്തപുരം : സംസ്ഥാന യുവജന കമ്മിഷൻ അധ്യക്ഷ ചിന്ത ജെറോമിന് കുടിശ്ശികയായിരുന്ന ശമ്പളം അനുവദിച്ചു. 17 മാസത്തെ കുടിശ്ശികയായ 8.5 ലക്ഷം രൂപയാണ് നല്‍കിയത്. ശമ്പളം ചിന്ത ജെറോം ആവശ്യപ്പെട്ടിട്ടാണ് അനുവദിച്ചതെന്ന് ഉത്തരവിൽ പറയുന്നുണ്ട്. ഇതോടെ ശമ്പള കുടിശ്ശിക ആവശ്യപ്പെട്ടിട്ടില്ലെന്ന ചിന്ത ജെറോമിന്‍റെ വാദം പൊളിയുകയാണ്.
കായിക യുവജനകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. 2017 ജനുവരി 6 മുതൽ 2018 മെയ് 26 വരെയുള്ള ശമ്പള കുടിശ്ശിക മുൻകാല പ്രാബല്യത്തോടെ നൽകാനാണ് ഉത്തരവ്. ഈ കാലയളവിൽ ചിന്തയ്ക്ക് 50,000 രൂപയായിരുന്നു ശമ്പളം. എന്നാൽ ഇത് മുൻകാല പ്രാബല്യത്തോടെ 2018 മെയ് 26 മുതൽ ഒരു ലക്ഷമാക്കി സർക്കാർ ഉയർത്തുകയായിരുന്നു.
ശമ്പള കുടിശ്ശിക സംബന്ധിച്ച് താൻ ആവശ്യം ഉന്നയിച്ചിട്ടില്ലെന്നായിരുന്നു ചിന്ത നേരത്തെ പറഞ്ഞിരുന്നത്. ഇത്രയും തുക ഒരുമിച്ച് കിട്ടിയാൽ താൻ അത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുമെന്നും ചിന്ത പറഞ്ഞിരുന്നു. സ്പെഷ്യൽറൂൾ നിലവിൽ വരുന്നതിന് മുൻപുള്ള കാലയളവിലെ ശമ്പളം ഒരു ലക്ഷമായി മുൻകാല പ്രാബല്യത്തോടെ അനുവദിച്ചത് നിലവിലെ സർക്കാർ ചട്ടങ്ങൾക്ക് വിരുദ്ധമാണ്.
യുവജന കമ്മിഷൻ ചെയര്‍പേഴ്സണിന്‍റെ ശമ്പളം 50,000 രൂപയാക്കിക്കൊണ്ടുള്ള 2022 സെപ്റ്റംബർ 26 ലെ ഉത്തരവും ഇന്ന് സർക്കാർ ഇറക്കിയ ഉത്തരവിൽ റദ്ദ് ചെയ്‌തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം സർക്കാർ ഉദ്യോഗസ്ഥരുടെ ഡിഎ, പെൻഷൻ, പെൻഷൻ കുടിശ്ശിക എന്നിവ മുടങ്ങിയിരിക്കുകയാണ്. 9 ലക്ഷം പേർ അപേക്ഷിച്ച ലൈഫ് പദ്ധതി നിശ്ചലമാണ്. വൈദ്യുതി, വെള്ള ചാർജുകളും വർധിപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ, പുതിയ ഉത്തരവ് സർക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ്.
അടുത്തിടെ കുടിശ്ശിക വർധിച്ചത് കാരണം പൊലീസ് വാഹനങ്ങളിൽ ഇന്ധന റേഷൻ പോലും വെട്ടിക്കുറച്ചിരുന്നു. സർക്കാർ പദ്ധതി ചെലവുകളും ധനപ്രതിസന്ധി കാരണം 40ശതമാനമായി വെട്ടിക്കുറച്ചിരുന്നു. പ്രതിസന്ധി നാൾക്കുനാൾ വർധിക്കുകയാണെന്ന് ധനമന്ത്രി ആവർത്തിച്ച് പറയുന്ന സാഹചര്യത്തിലാണ് സർക്കാരിന്‍റെ പുതിയ ഉത്തരവ്.
സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ചിന്ത ജെറോമിന് പണം അനുവദിക്കാൻ ധനവകുപ്പ് അനുമതി കൊടുത്തത് വിവാദമായപ്പോൾ താൻ സർക്കാരിനോട് കുടിശ്ശിക വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നായിരുന്നു ചിന്ത ജെറോം മാധ്യമങ്ങളോട് വ്യക്തമാക്കിയത്. അങ്ങനെയൊരു കത്ത് ഉണ്ടെങ്കിൽ പുറത്തുവിടാനും ചിന്ത വെല്ലുവിളിച്ചിരുന്നു. യുവജന കമ്മിഷന്‍ അധ്യക്ഷയുടെ വാദങ്ങൾ തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുറത്തുവന്ന ഉത്തരവിലെ വിവരങ്ങൾ.