തിരുവനന്തപുരം: വഞ്ചിയൂരിൽ സ്വകാര്യ ഹോട്ടൽ മുറിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ യുവാവ് മരിച്ച സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്. വഞ്ചിയൂർ പൊലീസ് ആണ് കേസെടുത്തത്. കഴിഞ്ഞ ബുധനാഴ്‌ചയാണ് സംഭവം. വഞ്ചിയൂരിലെ മാസ് ലോഡ്‌ജ് റൂം എന്ന സ്വകാര്യ ഹോട്ടലിലാണ് പത്തനാപുരം സ്വദേശി അജിൻ (33) എന്ന യുവാവിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത് (youngman found unconscious at hotel room in vanchiyoor police registered case).
ബുധനാഴ്‌ച രാത്രി 10 മണിയോടെയാണ് സംഭവം. തുടർന്ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. യുവാവിന്‍റെ പിതാവ് ശങ്കരൻ ആണ് വിവരം പൊലീസിനെ അറിയിച്ചത്. പത്തനാപുരം സ്വദേശി നജീബ് എന്ന വ്യക്തിയുടെ ഭാര്യയോടൊപ്പമാണ് അജിൻ ഹോട്ടലിൽ കഴിഞ്ഞു വന്നിരുന്നതെന്ന് പൊലീസ് എഫ്ഐആറിൽ പറയുന്നുണ്ട്.
യുവതിയെ പൊലീസ് ചോദ്യം ചെയ്‌തുവരികയാണ്. യുവതിയും യുവാവും സംഭവം നടക്കുമ്പോൾ മദ്യലഹരിയിലായിരുന്നു. കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്‌റ്റ്‌മോർട്ടം റിപ്പോർട്ട്. വഞ്ചിയൂർ എസ്‌ഐ ഷമീർ എംകെയുടെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചത്.