തിരുവനന്തപുരം: കോൺഗ്രസിനെ രക്ഷിക്കാൻ സംഘടനയെ സമ്പൂർണ്ണമായി പുതുതലമുറയുടെ കൈകളിൽ ഏൽപ്പിക്കണമെന്ന് പ്രമുഖ എഴുത്തുകാരൻ സക്കറിയ. തെരഞ്ഞെടുപ്പ് വരുമ്പോൾ മാത്രം ഓടിക്കൂടുന്ന ഒരു സംഘം ആളുകളുടെ കൂട്ടമാണ് കോൺഗ്രസ്. ഈ അവസ്ഥയ്ക്ക് മാറ്റം വരണം. കോൺഗ്രസിനെ രാജ്യത്തിന് ആവശ്യമുണ്ട്. കോൺഗ്രസിനെ ഒരു ധനാഗമ മാർഗ്ഗം, അതിലുമേറെ ആർത്തി പൂർത്തീകരണ ഉപകരണം, ആയി കാണുന്നവരെ എന്തു വിലകൊടുത്തും മാറ്റിനിർത്തണമെന്നും സക്കറിയ ഫേസ് ബുക്കിൽ കുറിച്ചു.
ALSO READ: സംസ്ഥാനത്ത് 19, 894 പേര്‍ക്ക് കൂടി കൊവിഡ്
കോൺഗ്രസിന് ആവശ്യം വെറും ബലപ്പെടുത്തലല്ല നവീകരണമാണ്, ചിന്തയിലും പ്രവൃത്തിയിലും ലക്ഷ്യങ്ങളിലുമുള്ള നവീകരണം. സംഘടനയുടെ ഘടനാപരമായ നവീകരണം. മാധ്യമങ്ങളുടെ അന്നന്നത്തെ ഇരതേടലുകൾ അനുസരിച്ച് നയങ്ങൾ സൃഷ്ടിക്കാതിരിക്കുക. മാധ്യമ പ്രതിച്ഛായകളെ വിശ്വസിച്ച് പ്രവർത്തിക്കുന്നത് എത്രമാത്രം ആത്മഹത്യാപരമാണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പ് കോൺഗ്രസിനെ പഠിച്ചിരിക്കണം. കോൺഗ്രസ് മുക്തമായ ഒരു കേരളം അതിന്‍റെ ശത്രുക്കൾ പോലും ആഗ്രഹിക്കുന്നില്ല. നരേന്ദ്രമോദിയുടെ കോൺഗ്രസ് മുക്ത ഭാരതം എന്ന സ്വപ്നം സജീവമായി നിൽക്കുമ്പോഴും പ്രതീക്ഷകൾക്ക് വകയുള്ള ഒരേയൊരു ദേശീയ പാർട്ടി കോൺഗ്രസ് ആണെന്നും സക്കറിയ ചൂണ്ടിക്കാട്ടി.