തിരുവനന്തപുരം : ലോക്ക്ഡൗൺ കാലത്ത് ജനിച്ചതാണ് സാഹിതിവാണി 1.14 എന്ന കുട്ടികളുടെ ഇൻ്റർനെറ്റ് റേഡിയോ. ഒരുപക്ഷേ കുട്ടികൾ തന്നെ നടത്തുന്ന ലോകത്തെ ആദ്യ റേഡിയോ. 2020 നവംബറിൽ തുടങ്ങിയ റേഡിയോ ഇന്ന് കുട്ടികൾക്കിടയിൽ തരംഗമാണ്. കളിയും ചിരിയും പാട്ടും കൊച്ചുവർത്തമാനങ്ങളും അറിവുകളുമായി സാഹിതിവാണി 40ലേറെ എപ്പിസോഡുകൾ പിന്നിട്ടു.
പത്താം ക്ലാസ് വിദ്യാർഥിനി വിജിത കുരാക്കാർ ആണ് ചീഫ് റേഡിയോ ജോക്കി. പതിനൊന്നാം ക്ലാസുകാരി ആലു കൃഷ്‌ണയാണ് സ്റ്റേഷൻ ഡയറക്‌ടർ. 14 കുട്ടികളാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഇപ്പോൾ 120 ലേറെ അംഗങ്ങളുണ്ട് സാഹിതിവാണിയിൽ. അതും ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി കുട്ടികൾ.
ഇവരാരും ഇതുവരെ നേരിൽ കണ്ടിട്ടില്ല. ഓരോ എപ്പിസോഡും പുറത്തിറക്കുന്നതിനുപിന്നിൽ കാര്യമായ പഠനവും ചർച്ചകളുമുണ്ട്. ഓരോ ആഴ്‌ചയിലും നടക്കുന്ന ഓൺലൈൻ മീറ്റിങ്ങിലൂടെയാണ് ഓരോ എപ്പിസോഡിലും പുറത്തിറക്കേണ്ട പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യുന്നത്.
ലോക്ക്ഡൗണിൽ കുട്ടികൾക്ക് പുറത്തിറങ്ങാനോ കൂട്ടുകാർക്കൊപ്പം കൂടാനോ സാധിക്കാത്തതുമൂലം ഉണ്ടാകുന്ന മാനസിക സംഘർഷം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സാഹിതിവാണിക്ക് രൂപം കൊടുത്തതെന്ന് അധ്യാപകൻ കൂടിയായ സ്റ്റേഷൻ ഡയറക്‌ടർ ബിന്നി സാഹിതി പറയുന്നു.
കുട്ടികളുടെ സർഗവാസന മെച്ചപ്പെടുത്താൻ റേഡിയോ പോലെ മറ്റൊന്നില്ലെന്നാണ് സാഹിതിവാണി സംഘം വിലയിരുത്തുന്നത്. മൂന്നാം ക്ലാസ് മുതൽ പതിനൊന്നാം ക്ലാസ് വരെയുള്ളവർ സാഹിതിവാണി സംഘത്തിലുണ്ട്.
പുതിയ അറിവുകൾ ശ്രോതാക്കളിലേക്ക് എത്തിക്കേണ്ടതിനാൽ വായനയ്ക്കും എഴുത്തിനുമൊക്കെ കൂടുതൽ സാധ്യതകൾ ഉണ്ട്. ഒന്നുമുതൽ 14 വരെയുള്ള കേരളത്തിലെ ജില്ലകളെ പ്രതിനിധീകരിച്ചാണ് റേഡിയോയുടെ പേരിനൊപ്പം 1.14 എന്ന് ചേർത്തതെന്ന് പിന്നണിക്കാർ വിശദീകരിക്കുന്നു.
കുട്ടികളുടെ പ്രവർത്തനങ്ങളും പരിപാടികളും നിരീക്ഷിക്കാൻ അധ്യാപകരും കൂടെയുണ്ട്. കുട്ടികൾ നടത്തുന്ന ലോകത്തെ ആദ്യത്തെ റേഡിയോ എന്ന വിശേഷണത്തോടെ ഇൻക്രെഡിബിൾ ബുക്ക് ഓഫ് റെക്കോർഡ്‌സിലും സാഹിതിവാണി 1.14 ഇടംപിടിച്ചു.