തിരുവനന്തപുരം : ലോകകപ്പ് സന്നാഹ മത്സരത്തിനായി ദക്ഷിണാഫ്രിക്കൻ ടീം നാളെ തിരുവനന്തപുരത്ത് എത്തും (World Cup Warm-Up Match South Africa). പുലർച്ചെ 3.30നാണ് 15 അംഗ ടീം എത്തുക. സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ മൂന്ന് വരെ വിവിധ വേദികളിലായാണ് സന്നാഹ മത്സരം നടക്കുന്നത്. സെപ്റ്റംബർ 29ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ അഫ്‌ഗാനിസ്ഥാനുമായാണ് ദക്ഷിണാഫ്രിക്കയുടെ മത്സരം.
കോവളത്തെ ലീല റാവിസിലാണ് ദക്ഷിണാഫ്രിക്കൻ ടീമിന് താമസം ഒരുക്കിയിരിക്കുന്നത്. ഇവർക്ക് പുറമെ ഇന്ത്യ, ഓസ്ട്രേലിയ ടീമുകൾക്കും ഇവിടെയാണ് താമസം ഒരുക്കിയിട്ടുള്ളത്. ഈ മാസം 28ന് ഓസ്ട്രേലിയയും ഒന്നാം തീയതി ഇന്ത്യയും തലസ്ഥാനത്ത് എത്തിച്ചേരും. അഫ്‌ഗാനിസ്ഥാൻ ടീം 26-ാം തീയതിയും നെതർലൻഡ്‌സ് 28-ാം തീയതിയും ന്യൂസിലൻഡ് 30-ാം തീയതിയും എത്തിച്ചേരും. ഹയാത്ത്, വിവാന്ത എന്നീ ഹോട്ടലുകളിലാണ് ഇവർ താമസിക്കുക.
സെപ്‌റ്റംബർ 29ന് നടക്കുന്ന ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്ക അഫ്‌ഗാനെ നേരിടും. സെപ്‌റ്റംബർ 30നാണ് ഓസ്‌ട്രേലിയയും നെതർലൻഡ്‌സും തമ്മിലുള്ള മത്സരം നടക്കുക. ഒക്‌ടോബർ രണ്ടിന് ന്യൂസിലൻഡും ദക്ഷിണാഫ്രിക്കയും മത്സരിക്കും. ഒക്‌ടോബർ മൂന്നിനാണ് ഇന്ത്യ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ കളിക്കാൻ ഇറങ്ങുക. നെതർലൻഡ്‌സുമായാണ് ആതിഥേയരായ ഇന്ത്യയുടെ മത്സരം.
തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് പുറമേ ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്‍റർനാഷണൽ സ്റ്റേഡിയവും ഗുവാഹത്തിയിലെ ബാർസാപറ സ്റ്റേഡിയവും സന്നാഹ മത്സരങ്ങൾക്ക് വേദിയാവും. ഉച്ചയ്ക്ക് രണ്ട് മണി മുതലാണ് മത്സരങ്ങൾ ആരംഭിക്കുക. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നിവയാണ് സന്നാഹ മത്സരത്തിൽ പങ്കെടുക്കുന്ന മറ്റു ടീമുകൾ.
ഒക്‌ടോബര്‍ അഞ്ച് മുതല്‍ നവംബര്‍ 19 വരെയാണ് ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കുന്നത്. അതിഥേയര്‍ക്ക് പുറമെ ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ, ന്യൂസിലൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതർലൻഡ്‌സ് എന്നീ ടീമുകളാണ് ടൂര്‍ണമെന്‍റിൽ പങ്കെടുക്കുന്നത്.
ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്ന 10 ടീമുകളും പരസ്‌പരം ഓരോ മത്സരങ്ങള്‍ വീതം കളിക്കുന്ന റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍ ക്രമീകരിച്ചിട്ടുള്ളത്. ആദ്യ നാല് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് സെമിഫൈനലിലേക്ക് മുന്നേറാം. മുംബൈയില്‍ നവംബര്‍ 15-നാണ് ആദ്യ സെമിഫൈനല്‍. കൊല്‍ക്കത്തയില്‍ 16-ന് രണ്ടാം സെമിഫൈനലും അരങ്ങേറും.
ഉദ്‌ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് കഴിഞ്ഞ തവണത്തെ രണ്ടാം സ്ഥാനക്കാരായ ന്യൂസിലന്‍ഡിനെ നേരിടും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയമാണ് ഉദ്‌ഘാടന മത്സരത്തിനും ഫൈനലിനും വേദിയാകുന്നത്. ഒക്‌ടോബര്‍ എട്ടിന് ഓസ്‌ട്രേലിയയ്‌ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.
പത്ത് വേദികള്‍: ഇന്ത്യയിലെ പത്ത് വേദികളിലായാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുന്നത്. അഹമ്മദാബാദിനെ കൂടാതെ ധർമശാല, ഡൽഹി, ലഖ്‌നൗ, പൂനെ, മുംബൈ, ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്.