തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടിയെന്നത് ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്ന് തൊഴിലാളി യൂണിയനുകള്‍. ഇന്ന് (ഓഗസ്റ്റ് 17) ഗതാഗത മന്ത്രി ആന്‍റണി രാജു, തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടി എന്നിവരുമായി നടത്തിയ മന്ത്രിതല ചര്‍ച്ചയിലാണ് യൂണിയനുകള്‍ ഇക്കാര്യം വ്യക്തമാക്കിയത്. എട്ട് മണിക്കൂറില്‍ കൂടുതല്‍ ഡ്യൂട്ടി അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് യൂണിയനുകളുടെ നിലപാട്.
12 മണിക്കൂര്‍ ജോലി ചെയ്യണമെങ്കില്‍ അതിന് അധികമായ വേതനം ലഭിക്കണമെന്നും യൂണിയനുകള്‍ ആവശ്യപ്പെട്ടു. ചര്‍ച്ചയില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് നാളെയും (ഓഗസ്റ്റ് 18) യൂണിയനുകളുമായി മന്ത്രിമാര്‍ ചര്‍ച്ച നടത്തും. കെ.എസ്.ആര്‍.ടി.സിയുടെ സമഗ്ര പരിഷ്‌കരണത്തിനായി സമര്‍പ്പിച്ച സുശീല്‍ ഖന്ന റിപ്പോര്‍ട്ടിലാണ് സിംഗിള്‍ ഡ്യൂട്ടി 12 മണിക്കൂറാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് നടപ്പാക്കുന്നതിന് മുന്നോടിയാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
'ശ്രമം കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാന്‍': സുശീല്‍ ഖന്ന റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചതാണെന്നും ഇത് യൂണിയനുകള്‍ക്കും അംഗീകരിക്കേണ്ടി വരുമെന്നും ചര്‍ച്ചകള്‍ക്ക് ശേഷം ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചു. ചില കാര്യത്തില്‍ എല്ലാവരും വിട്ടുവീഴ്‌ച ചെയ്യേണ്ടി വരും. കെ.എസ്.ആര്‍.ടി.സിയെ രക്ഷിക്കാനാണ് ശ്രമം. ഇതിന് യൂണിയനുകളും മാനേജ്‌മെന്‍റും വിട്ടുവീഴ്‌ചകള്‍ നടത്തണം. നിയമത്തിന്‍റെ പരിധിയില്‍ നിന്നുകൊണ്ടുള്ള കാര്യങ്ങള്‍ എല്ലാവരും അംഗീകരിക്കണമെന്നും ഗതാഗതമന്ത്രി പറഞ്ഞു.
യൂണിയനുകളുമായുള്ള ചര്‍ച്ചയില്‍ ചില കാര്യങ്ങളില്‍ പൊതുവായ ധാരണയുണ്ടായതായി തെഴില്‍ മന്ത്രി വി ശിവന്‍കുട്ടി പ്രതികരിച്ചു. തര്‍ക്ക വിഷയങ്ങളിലും പരിഹാരം കാണും. അതിനായി നാളെയും ചര്‍ച്ച നടത്തും. യൂണിയനുകള്‍ സഹകരണ മനോഭാവം ആണ് ചര്‍ച്ചയില്‍ പ്രകടിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.