തിരുവനന്തപുരം: മരംമുറി കേസിൽ സർക്കാരിനെതിരെ ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മരംമുറി കേസിലെ പ്രതിയായ മാഫിയാ നേതാവിനെ മുൻ വനംമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ഫോണിൽ വിളിച്ചത് എന്തിനെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും വ്യക്തമാക്കണമെന്ന് വി ഡി സതീശൻ ആവശ്യപ്പെട്ടു.
നിലവിൽ നടക്കുന്ന അന്വേഷണം പ്രഹസനമാണ്. വനം മാഫിയയെ രക്ഷിക്കാൻ പട്ടികജാതി-പട്ടികവർഗക്കാരെ പ്രതിയാക്കിയാണ് അന്വേഷണം. ഉദ്യോഗസ്ഥരെ ബലിയാടാക്കി അന്വേഷണം അവസാനിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അന്നത്തെ റവന്യൂ മന്ത്രിയെയും കൂടുതൽ ഉദ്യോഗസ്ഥരെയും പ്രതികളാക്കി കേസെടുക്കണം. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു.
വിഷയത്തിൽ വസ്‌തുതാപരമായ അന്വേഷണം നടത്തി റിപ്പോർട്ട് നൽകുന്നതിന് മൂന്നംഗ ഫാക്ട് ഫൈൻഡിങ് കമ്മിഷനെ യുഡിഎഫ് നിയോഗിച്ചു. പ്രൊഫസർ ഇ കുഞ്ഞികൃഷ്ണൻ, അഡ്വ. സുശീല ഭട്ട്, ഒ ജയരാജ് ഐഎഫ്എസ് എന്നിവർ അടങ്ങുന്നതാണ് കമ്മിഷൻ. വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് യുഡിഎഫ് സംസ്ഥാന വ്യാപകമായി 1000 കേന്ദ്രങ്ങളിൽ നടത്തുന്ന സമരം സെക്രട്ടറിയേറ്റിനു മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു പ്രതിപക്ഷ നേതാവ്.
READ MORE: മുട്ടിൽ മരംമുറി കേസ്: പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ എതിർത്ത് സർക്കാർ