തിരുവനന്തപുരം: ലിംഗസമത്വത്തിൽ കേരളത്തെ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിനായി എല്ലാവരും ഒരുമിച്ച് പ്രയത്നിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാർവ്വദേശീയ വനിതാ ദിനത്തിന്‍റെ ഭാഗമായി വനിത ശിശു വികസന വകുപ്പ് സംഘടിപ്പിച്ച അന്താരാഷ്ട്ര വനിതാ ദിനത്തിന്‍റെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പരിപാടിയിൽ ലിംഗസമത്വത്തിന് സമഗ്ര സംഭാവ ചെയ്തവർക്കുള്ള വനിതാ രത്ന പുരസ്കാരവും മുഖ്യമന്ത്രി വിതരണം ചെയ്തു. പിയു ചിത്ര, രഹനാസ് ഇപി, ഡോ പാർവതി, പി ജി വാര്യർ, പി വനജ എന്നിവർക്കാണ് വനിതാ രത്ന പുരസ്കാരം ലഭിച്ചത്. ശ്രുതി ഷിബുലാൽ , പൂർണ്ണിമ ഇന്ദ്രജിത്ത്, ഷീല ജയിംസ് എന്നിവർക്ക് ശ്രദ്ധേയ വനിതാ പുരസ്കാരവും ലഭിച്ചു. മികച്ച ജില്ലാ കലക്ടർക്കുള്ള പുരസ്കാരം പി വി നൂഹ് എറ്റുവാങ്ങി.
2018ലെ പത്മശ്രീ പുരസ്കാര ജേതാവായ ലക്ഷ്മിക്കുട്ടി അമ്മയെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങിൽ ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന മന്ത്രി കെ കെ ശൈലജ ടീച്ചർ, സാമൂഹ്യനീതി വനിത ശിശു വികസന സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, വി കെ പ്രശാന്ത് എംഎൽഎ, മേയർ കെ ശ്രീകുമാർ തുടങ്ങിയവർ പങ്കെടുത്തു.