തിരുവനന്തപുരം: സ്‌ത്രീ വിരുദ്ധ സമീപനങ്ങള്‍ ഉണ്ടാകുന്ന ഏതിടങ്ങളിലും വനിത കമ്മിഷന്‍ ഇടപെടുമെന്ന് വനിത കമ്മിഷന്‍ അധ്യക്ഷ അഡ്വ പി സതീദേവി (Womens Commission Will Interact Against Anti Women Attitudes). ജില്ലയില്‍ ഭര്‍ത്താവിന്‍റെയും ഭര്‍ത്തൃബന്ധുക്കളുടെയും ഭാഗത്ത് നിന്നുണ്ടാകുന്ന പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. തലസ്ഥാനത്ത് ഇത്തരം പരാതികള്‍ അധികരിച്ചിരിക്കുകയാണെന്നും പി സതീദേവി പറഞ്ഞു. തിരുവനന്തപുരത്ത് ജവഹര്‍ ബാലഭവനില്‍ ജില്ലാതല സിറ്റിങ്ങില്‍ പരാതികള്‍ തീര്‍പ്പാക്കിയതിന് ശേഷം സംസാരിക്കുകയായിരുന്നു വനിത കമ്മിഷൻ അധ്യക്ഷ (Chairperson Of Womens Commission).
കമ്മിഷന് എത്തുന്ന പരാതികളിൽ നിന്ന് മനസിലാകുന്നത് സങ്കീര്‍ണമായ കുടുംബാന്തരീക്ഷം നിലനില്‍ക്കുന്നുണ്ടെന്നാണ്. ലഭിക്കുന്ന പരാതികളിൽ ഏറെയും ഗാര്‍ഹിക പീഡനങ്ങളുമായി ബന്ധപ്പെട്ട പരാതികളാണ്. ഇത്തരം പ്രശ്‌നങ്ങൾ വിവാഹം കഴിഞ്ഞ് ചുരുങ്ങിയ കാലയളവിനുള്ളിലാണ് ഉണ്ടാകുന്നത്.
വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന്‍റെ അനിവാര്യതയെ കുറിച്ച് വനിത കമ്മിഷന്‍ നേരത്തെ തന്നെ നിർദേശിച്ചത് ഈ സാഹചര്യം കണക്കിലെടുത്താണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് കാരണം വിവാഹ ബന്ധത്തെ കുറിച്ചോ, കുടുംബ ബന്ധത്തെ കുറിച്ചോ, ദാമ്പത്യബന്ധത്തെ കുറിച്ചോ കൃത്യമായ ധാരണ ഇല്ലാത്തതാണ്. വിവാഹം രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന് വിധേയമായിട്ടുണ്ടെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്ന നിര്‍ദേശം വനിത കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.
കമ്മിഷന് വന്ന പരാതികളിൽ ഏറെയും വിവാഹപൂര്‍വ കൗണ്‍സിലിങ്ങിന്‍റെ അനിവാര്യത വ്യക്തമാക്കുന്നതാണ്. തൊഴിലിടങ്ങളിൽ ഉണ്ടാകുന്ന പ്രശ്‌നങ്ങളാണ് മറ്റൊരു പ്രധാന കാര്യം. കേരളത്തിൽ ആകെ അണ്‍എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതില്‍ ഭൂരിപക്ഷവും സ്ത്രീകളാണ്. തുച്ഛമായ വേതനം കൈപ്പറ്റി ജോലി ചെയ്യേണ്ടി വരുന്ന സാഹചര്യമാണ് അണ്‍ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉള്ളത്. വര്‍ഷങ്ങളോളം ജോലി ചെയ്‌ത് വരുന്നവരെ പലപ്പോഴും യാതൊരു കാരണവുമില്ലാതെ ജോലിയില്‍ നിന്നും ഒഴിവാക്കുന്നുണ്ട്.
ഇത്തരം പരാതികള്‍ തിരുവനന്തപുരം ഉള്‍പ്പെടെ എല്ലാ ജില്ലകളിലും നിന്നും കമ്മിഷന് ലഭിച്ചിട്ടുണ്ട്. ഇത് വളരെ ഗൗരവമേറിയ പ്രശ്‌നമാണ്. അതേസമയം മക്കളുടെ ഭാഗത്ത് നിന്നും വൃദ്ധരായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സമീപനം ഉണ്ടാകുന്നുണ്ട്. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയ ശേഷം വയോധികയായ തന്നെ മകള്‍ സംരക്ഷിക്കുന്നില്ലെന്ന അമ്മയുടെ പരാതി സിറ്റിങ്ങില്‍ പരിഗണനയ്‌ക്ക് ലഭിച്ചു. അമ്മയില്‍ നിന്നും കൈപ്പറ്റിയ വസ്‌തുവകകളും പെന്‍ഷന്‍ ആനുകൂല്യങ്ങളും ഉള്‍പ്പെടെ തിരിച്ചു നല്‍കി അവരെ സംരക്ഷിക്കുന്നതിന് മകള്‍ക്ക് നിര്‍ദേശം നല്‍കി പരാതി തീര്‍പ്പാക്കിയതായും സതീദേവി അറിയിച്ചു.
തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ രണ്ടു ദിവസമാണ് സിറ്റിങ് നടത്തുന്നത്. മറ്റു ജില്ലകളില്‍ ഓരോ ദിവസവും. ജില്ലാതല സിറ്റിങ്ങിന്‍റെ ആദ്യ ദിനമായ ഇന്നലെ (ഒക്‌ടോബര്‍ 9) ആകെ 250 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 11 കേസുകള്‍ തീര്‍പ്പാക്കി. 230 കേസുകള്‍ അടുത്ത അദാലത്തിലേക്ക് മാറ്റി. 3 കേസുകള്‍ റിപ്പോര്‍ട്ടിനായി അയച്ചു. ആറു കേസുകളില്‍ കൗണ്‍സിലിങ്ങിന് നിര്‍ദേശിച്ചു. പരാതികള്‍ പരിഗണിച്ച ശേഷം ആവശ്യമെങ്കില്‍ കൗണ്‍സിലിങ് ലഭ്യമാക്കുമെന്നും പി സതീദേവി അറിയിച്ചു.