തിരുവനന്തപുരം: ഹരിത വിഷയത്തിൽ പരാതി പരിശോധിച്ച് കൃത്യമായ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വനിതാ കമ്മിഷൻ അധ്യക്ഷയായി ചുമതലയേറ്റ പി സതീദേവി. പീഡന പരാതികളിൽ പലപ്പോഴും രാഷ്ട്രീയ പാർട്ടികൾക്ക് പക്ഷപാതം ഉണ്ടാകുന്നത് കൃത്യമായ നിലപാട് സ്വീകരിക്കാത്തതു കൊണ്ടാണെന്നും പി സതീദേവി പറഞ്ഞു. പരാതികളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കും നീതി ലഭ്യമാക്കുന്ന തീരുമാനങ്ങൾ ഉണ്ടാകും.
കക്ഷിരാഷ്ട്രീയത്തിനും ജാതി-മത ചിന്തകൾക്കും അതീതമായി നടപടിയെടുക്കും. സമീപിക്കുന്നവർക്ക് നീതി ലഭിക്കുമെന്ന് ഉറപ്പാക്കും. നിഷ്പക്ഷമായും ഭീതിരഹിതമായും പരാതി നൽകാൻ അവസരം ഉണ്ടാകും. വാർഡുതല ജാഗ്രതാസമിതികൾ പ്രവർത്തനങ്ങൾ അടുത്തകാലത്ത് മന്ദീഭവിച്ചിട്ടുണ്ട്.
കൂടുതല്‍ വായനക്ക്: ജയ്‌ഹിന്ദ് ചാനല്‍ അടക്കം പാര്‍ട്ടി പദവികളില്‍ നിന്നും രാജിവച്ച് രമേശ് ചെന്നിത്തല
സമിതികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ വനിതാ കമ്മിഷൻ നടപടിയെടുക്കും. സ്ത്രീധനവുമായി ബന്ധപ്പെട്ട് പീഡനങ്ങൾ വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. ഇതൊഴിവാക്കാൻ വീടുകളിൽ രക്ഷിതാക്കളുടെ മനോഭാവവും മാറണം. പെൺകുട്ടികൾക്ക് ആത്മവിശ്വാസം ഉണ്ടാകുന്ന തരത്തിൽ വീടുകളിൽ ജനാധിപത്യം ഉണ്ടാകണമെന്നും ആൺകുട്ടിയെയും പെൺകുട്ടിയെയും തുല്യമായി കാണാൻ രക്ഷിതാക്കൾ തയ്യാറാകണമെന്നും പി സതീദേവി ചൂണ്ടിക്കാട്ടി.