തിരുവനന്തപുരം : വഞ്ചിയൂര്‍ കോടതിയില്‍ വനിത എസ്‌ഐയെ കയ്യേറ്റം ചെയ്‌ത സംഭവത്തിൽ അഭിഭാഷകർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്ത് പൊലീസ്. വഞ്ചിയൂർ കോടതിയിലെ അഭിഭാഷകരായ പ്രണവ്, മുരളി, സെറീന അടക്കം കണ്ടാലറിയാവുന്ന 17 പേർക്കെതിരെയാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. സ്‌ത്രീത്വത്തെ അപമാനിക്കൽ, കയ്യേറ്റം, അസഭ്യം പറയൽ എന്നീ കുറ്റങ്ങൾ ചുമത്തിയാണ് നടപടി.
വലിയതുറ എസ് ഐ അലീന സൈറസാണ് പരാതി നൽകിയത്. കഴിഞ്ഞ ദിവസം ജാമ്യാപേക്ഷയുമായി വലിയതുറ സ്റ്റേഷനിലെത്തിയ വക്കീലിനെ കാണാൻ വൈകിയെന്ന് ആരോപിച്ച് ഒരു സംഘം അഭിഭാഷകർ അലീനയെ തടഞ്ഞുവയ്ക്കുകയായിരുന്നു. തുടർന്ന് ഇവർ മജിസ്‌ട്രേറ്റിന് പരാതി നൽകി.തന്നെ കയ്യേറ്റം ചെയ്‌തുവെന്നും അസഭ്യം പറഞ്ഞുവെന്നും അലീനയുടെ പരാതിയിലുണ്ട്.