തിരുവനന്തപുരം : വഴയിലയിൽ പട്ടാപ്പകൽ സ്‌ത്രീയെ വെട്ടിക്കൊലപ്പെടുത്തിയത് തന്നില്‍ നിന്ന് അകലുന്നുവെന്ന പ്രതിയുടെ സംശയത്തെ തുടര്‍ന്നെന്ന് പൊലീസ്. നന്ദിയോട് സ്വദേശി സിന്ധുവാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതി രാജേഷിനെ (46) പൊലീസ് അറസ്റ്റ് ചെയ്തു. 12 വർഷമായി ഇരുവരും തമ്മിൽ പരിചയമുണ്ടെന്നും പേരൂർക്കട എസ്എച്ച്ഒ സൈജുനാഥ് വി അറിയിച്ചു.
നിയമപരമായി വിവാഹം ചെയ്‌തിട്ടില്ലെങ്കിലും ഒരുമിച്ചായിരുന്നു ഇരുവരും താമസം. ഒരു മാസമായി ഇരുവരും അകൽച്ചയിലായിരുന്നു. ബന്ധം തുടരാൻ രാജേഷ് ശ്രമിച്ചെങ്കിലും സിന്ധു വഴങ്ങിയില്ല. സിന്ധു അകന്ന് മാറുന്നു എന്ന സംശയത്തെ തുടർന്നായിരുന്നു കൊലപാതകം.
പ്രതി കുറ്റം സമ്മതിച്ചതായും പേരൂർക്കട എസ്എച്ച്ഒ പറഞ്ഞു. വ്യാഴാഴ്‌ച രാവിലെ 9 മണിയോടെ വഴയിലയിൽ റോഡരികിലാണ് കൊലപാതകം നടന്നത്. കഴുത്തിന് വെട്ടേറ്റ് അതീവഗുരുതരാവസ്ഥയിലായ സിന്ധുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതി രാജേഷ് മൂന്നുതവണ സിന്ധുവിന്‍റെ കഴുത്തിന് വെട്ടിയതായി ദൃക്‌സാക്ഷികൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പൊലീസ് ഉടൻ തന്നെ തുടർനടപടികളിലേക്ക് കടക്കും.