തിരുവനന്തപുരം: എഴുനൂറിൽ പരം നിക്ഷേപകരിൽ നിന്ന് അമ്പത് കോടി രൂപയിലധികം തട്ടിയെടുത്ത ടോട്ടൽ ഫോർ യു നിക്ഷേപ തട്ടിപ്പ് കേസിൽ നിർണായക വെളിപ്പെടുത്തലുമായി സാക്ഷികൾ. ഐ നെസ്റ്റ്,എസ്.ജെ.ആർ സൊല്യൂഷൻസ്,നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളിലായി 12.5 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നതായി ബിജു, മുനീർ എന്നീ സാക്ഷികളുടെ മൊഴി. 2007-08 കാലഘട്ടങ്ങളിലായാണ് കാട്ടാക്കട സ്വദേശിയും പ്രോസിക്യൂഷൻ അഞ്ചാം സാക്ഷിയുമായ ബിജു മൂന്ന്,നാല് ഘട്ടങ്ങളിലായി ഈസ്റ്റ് ഫോർട്ടിൽ പ്രവർത്തിച്ചിരുന്ന ഐ നെസ്റ്റ് എന്ന സ്ഥാപനത്തിൽ 8.5 ലക്ഷം രൂപയും,മെഡിക്കൽ കോളജ് ചാലക്കുഴിയിൽ പ്രവർത്തിച്ചിരുന്ന നെസ്റ്റ് ഇൻവെസ്റ്റ് സൊല്യൂഷൻസ്,പാളയത്ത് പ്രവർത്തിച്ചിരുന്ന എസ്.ജെ.ആർ സൊല്യൂഷൻസ് എന്നീ സ്ഥാപനങ്ങളിലായി നാലു ലക്ഷം രൂപയും നൽകിയതെന്ന് നെടുമങ്ങാട് സ്വദേശിയും പ്രോസിക്യൂഷൻ ആറാം സാക്ഷിയുമായ മുനീറും മൊഴി നൽകി.
ടോട്ടൽ ഫോർ യു തട്ടിപ്പ് കേസിന്‍റെ സാക്ഷി വിസ്താരത്തിലാണ് സാക്ഷികളുടെ മൊഴി. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് വിസ്‌താരം പരിഗണിക്കുന്നത്. കേസിലെ മുഖ്യപ്രതിയായ ശബരിനാഥും കൂട്ടാളികളും കൂടി തന്‍റെ പക്കൽ നിന്നും പല കാരണങ്ങൾ പറഞ്ഞു വിശ്വസിപ്പിച്ച് പതിനാറ് ലക്ഷം രൂപ തട്ടിയെടുത്തു എന്ന് കേസിലെ ഒന്നാം സാക്ഷിയും മണ്ണന്തല സ്വദേശിയുമായ ബിന്ദു നേരത്തെ കോടതിയിൽ മൊഴി നൽകിയിരുന്നു.
2007 ഏപ്രിൽ 30 മുതൽ 2008 ആഗസ്റ്റ് 20 വരെയാണ് കേസിനാസ്പദമായ സംഭവം.തലസ്ഥാന നഗരിയിൽ അഞ്ചിടത്തായി സ്ഥാപനം തുടങ്ങിയാണ് കോടികളുടെ തട്ടിപ്പ് നടത്തിയത്.ടോട്ട് ടോട്ടൽ,ഐ നെസ്റ്റ്,ടോട്ടൽ ഫോർ യു എന്നീ പേരുകളിലായായിരുന്നു തട്ടിപ്പ് നടത്തിയത്.ആർ.ബി.ഐ ലൈസൻസ് ഉണ്ടെന്നും നിക്ഷേപ തുകയുടെയും കാലാവധിയുടെയും അടിസ്ഥാനത്തിൽ 20 % മുതൽ 80 %വരെയുള്ള നിക്ഷേപ പദ്ധതി ഉണ്ടെന്നും കാലാവധി കൂടുംതോറും വളർച്ച നിരക്ക് കൂടുമെന്നും വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത് എന്നാണ് പ്രോസിക്യൂഷൻ കേസ്.