തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരേ തരത്തിലുള്ള യൂണിഫോം അടിച്ചേൽപ്പിക്കില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ. യൂണിഫോം അതത് സ്‌കൂളുകളിലെ അധ്യാപകർ, പിടിഎ, വിദ്യാർഥി പ്രതിനിധികൾ എന്നിവർക്ക് ചർച്ച ചെയ്‌ത് തീരുമാനിക്കാം. ഈ വിഷയത്തിൽ സർക്കാർ ഒരു പൊതുവായ നിർദേശം പുറപ്പെടുവിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വസ്‌ത്രധാരണം, ആഹാരം, വിശ്വാസം എന്നിവയിൽ വ്യക്തികൾക്ക് സാമൂഹ്യ കടമകൾക്ക് അനുസൃതമായി സർവ സ്വാതന്ത്ര്യമുണ്ട്. ഒരുതരത്തിലുള്ള തീവ്ര നിലപാടുകളും അവയെ ഹനിക്കാൻ പാടില്ലെന്ന് സർക്കാരിന് നിർബന്ധമുണ്ട്. തൊഴിലിടങ്ങളിൽ സ്‌ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ, സമൂഹത്തിൽ ഇന്നും നിലനിൽക്കുന്ന ആൺകോയ്‌മ എന്നിവ സമൂഹ മനസ്ഥിതിയിൽ പരിവർത്തനം ഉണ്ടായാലേ മാറുകയുള്ളൂ.
ഇതിന് വിഘാതം നിൽക്കുന്ന പ്രസ്‌താവനകൾ ചില കേന്ദ്രങ്ങളിൽ നിന്നും ഉണ്ടാകുന്നത് നിർഭാഗ്യകരമാണ്. തുല്യത ബോധത്തിനെതിരെ അടുത്തകാലത്ത് കാണുന്ന പ്രവണതകൾ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ലിംഗനീതി സംരക്ഷണവുമായി ബന്ധപ്പെട്ട് കെ കെ ശൈലജ ഉന്നയിച്ച സബ്‌മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ഇന്ത്യയിൽ ആദ്യമായി ഒരു ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത് കേരളമാണ്. ഈ വിഭാഗത്തിൽ വരുന്നവർ നേരിടുന്ന പ്രശ്‌നങ്ങൾക്കും പ്രാധാന്യത്തോടെ പരിഗണന നൽകുന്നതും സർക്കാരിൻ്റെ നയമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.