തിരുവനന്തപുരം: കേരളത്തിലെ കോൺഗ്രസിനെ തകർക്കുന്ന തരത്തിലുള്ള ഒരു വിഭാഗീയ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനുള്ള ആരോഗ്യം സംസ്ഥാനത്തെ കോൺഗ്രസിന് ഇപ്പോഴില്ല. വലിയ പരാജയത്തിൽ നിന്നും കൂട്ടായ പ്രവർത്തനത്തിലൂടെ കോൺഗ്രസിനെ കൈപിടിച്ചുയർത്തുകയാണെന്നും ഇതിനെ തകർക്കുന്ന ഒരു നടപടികളും അംഗീകരിക്കാൻ കഴിയില്ലെന്നും സതീശൻ പറഞ്ഞു.
'ശശി തരൂരിന്‍റെ പേരെടുത്ത് പറയാതെ പരോക്ഷമായാണ് പ്രതിപക്ഷ നേതാവ് വിമർശനം ഉന്നയിച്ചത്. കോൺഗ്രസ് എല്ലാവരെയും ഉൾപ്പെടുത്തും. എല്ലാവർക്കും അവരുടെ സ്പെയ്‌സ് നൽകുന്നുണ്ട്'. 'അതിനിടയിലെ സമാന്തര പ്രവർത്തനം അംഗീകരിക്കാൻ കഴിയില്ല. ഇത്തരം സമാന്തര പ്രവർത്തനങ്ങൾക്ക് പിന്നിൽ കോൺഗ്രസിനെ തകർക്കുക എന്ന അജണ്ടയുണ്ട്. ഇതിൽ കോൺഗ്രസുകാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അത് ഗൗരവമായി കൈകാര്യം ചെയ്യുമെന്നും' സതീശന്‍ മുന്നറിയിപ്പ് നല്‍കി.
'എല്ലാവരുമായി സംസാരിക്കും. എന്നിട്ടും ഇത്തരം പ്രവർത്തനങ്ങളുമായി മുന്നോട്ടുപോയാൽ വച്ചുപൊറുപ്പിക്കാൻ കഴിയില്ല. താനും കെ സുധാകരനും കോൺഗ്രസിന്‍റെ നേതൃത്വത്തിലിരിക്കുന്നിടത്തോളം വിഭാഗീയ പ്രവർത്തനം അനുവദിക്കില്ല'. 'സംസ്ഥാന സർക്കാരിനെതിരെ പോർമുഖത്ത് നിൽക്കുമ്പോൾ ഫോക്കസ് മാറ്റുന്ന നടപടികൾ ശരിയല്ല. ഇതിലൂടെ രക്ഷപ്പെടുന്നത് പിണറായി വിജയനാണെന്നും' സതീശൻ പറഞ്ഞു.