തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ഒഴികെയുളള ജില്ലകളിലാണ് യെല്ലോ അലർട്ട്.
തെക്കൻ ഗുജറാത്ത് തീരം മുതൽ കർണാടക തീരം വരെ ന്യുനമർദപാതി നിലനിൽക്കുന്നതിന്‍റെ ഫലമായാണ് സംസ്ഥാനത്ത് മഴ ശക്തമാകുന്നത്. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിൽ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്‌ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്ത് (വിഴിഞ്ഞം മുതൽ കാസർകോട് വരെ) നാളെ (11.07.2022) രാത്രി 11.30 വരെ 3.5 മുതൽ 3.7 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്.