തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോടു കൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളില്‍ ഇന്ന് (നവംബര്‍ 24) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മഴ കൂടുതല്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ള കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മാലിദ്വീപ് മുതല്‍ തെക്കന്‍ മഹാരാഷ്ട്ര തീരം വരെ ന്യുന മര്‍ദ്ദപാത്തി സ്ഥിതി ചെയ്യുന്നുണ്ട്. ഇതിന്‍റെ ഫലമായാണ് കേരളത്തില്‍ കനത്ത മഴ ലഭിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യതയുണ്ട്. നാളെയോടെ (നവംബര്‍ 25) തെക്കന്‍ ആന്‍ഡമാന്‍ കടലിന് മുകളില്‍ രൂപപ്പെടുന്ന ചക്രവാതച്ചുഴി നവംബര്‍ 26 ഓടെ ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കുകയും ഇത് വടക്ക് പടിഞ്ഞാറു ദിശയിലേക്ക് നീങ്ങുകയും ചെയ്യും. തുടര്‍ന്ന് നവംബര്‍ 27ന് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ആന്‍ഡമാന്‍ കടലിന് മുകളിലും തീവ്ര ന്യൂന മര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
ഇന്ന് (നവംബര്‍ 24) രാത്രി 11.30 വരെ 0.5 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാനും നിര്‍ദേശം.
കേരളത്തിന് പുറത്തും മഴ: കേരളത്തില്‍ മഴ കൂടുതല്‍ ശക്തി പ്രാപിക്കുന്നതിനൊപ്പം കേരളത്തിന് പുറത്തും സമാന സ്ഥിതി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. തമിഴ്‌നാട്ടിലെ നീലഗിരി ജില്ലയില്‍ മഴ തുടരുകയാണ്. ശക്തമായ മഴയെ തുടര്‍ന്ന് ജില്ലയിലെ വിവിധയിടങ്ങളില്‍ കനത്ത നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.
ഊട്ടി-കുനൂര്‍ ദേശീയപാതയില്‍ മണ്ണിടിഞ്ഞും മരങ്ങള്‍ കടപുഴകി വീണും ഗതാഗതം തടസപ്പെട്ടു. ഊട്ടി-കോത്തഗിരി-മേട്ടുപാളയം റോഡിലും സ്ഥിതി സമാനമാണ്. റോഡില്‍ വന്ന് പതിച്ച മരങ്ങളും പാറകളും നീക്കം ചെയ്‌ത് ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നുവരികയാണ്.
ഗൂഡല്ലൂരിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് കോത്തഗിരിക്ക് സമീപമുള്ള തേയില തോട്ടം ഒലിച്ചു പോയി. അന്തിയൂര്‍ മേഖലയിലെ അഞ്ചേക്കര്‍ തോട്ടമാണ് ഒലിച്ച് പോയത്. ഇവിടങ്ങളിലെ വൈദ്യുതി വിതരണവും താറുമാറായി. ദുരന്ത മേഖലയില്‍ ജില്ല കലക്‌ടറും സംഘവും സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
also read: മഴയിൽ മുങ്ങി തിരുവനന്തപുരം; മഴ ശമിച്ചിട്ടും പ്രതിസന്ധി വിട്ടൊഴിയാതെ തേക്കുംമൂട് ബണ്ട് കോളനി നിവാസികൾ