തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം (ഒക്ടോബർ 30 വരെ) ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ഒക്ടോബർ 26) മുതൽ ഒക്‌ടോബര്‍ 29 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെങ്കിലും ഒരു ജില്ലകളിലും അലർട്ടുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
അതേസമയം ഒക്ടോബര്‍ 29ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, പാലക്കാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്. കേരള, കർണാടക, ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും തെക്കൻ ആന്ധ്ര തീരത്തിനും മുകളിലായി ചക്രവാത ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. വടക്കൻ കേരളത്തിന് മുകളിൽ മറ്റൊരു ചക്രവാതചുഴി നിലനിൽക്കുകയാണെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഈ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത് തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളിലാണെന്നാണ് കണക്കുകൾ. മഴയോടൊപ്പം ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്. ഇടിമിന്നൽ ജാഗ്രത നിർദേശങ്ങളും അധികൃതർ പുറപ്പെടുവിച്ചു.
കടലാക്രമണ സാധ്യതയുള്ളതിനാൽ തീരദേശവാസികൾ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിർദേശമുണ്ട്. ശക്തമായതും ഉയർന്ന തിരമാലയ്ക്കും സാധ്യത ഉള്ളതിനാൽ കടലിൽ ഇറങ്ങിയുള്ള വിനോദങ്ങൾ പൂർണമായും ഒഴിവാക്കാനും നിർദേശമുണ്ട്.