തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. ചുഴലിക്കാറ്റിന്‍റെ സ്വാധീന ഫലമായി ഇന്ന് (ഒക്‌ടോബര്‍ 23) 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചത് (Kerala rain updates).
ആറ് ജില്ലകളില്‍ അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ മഴക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നേരിയ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 40 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യത. വരും ദിവസങ്ങളിലും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി (Yellow Alert In Kerala).
കേരളത്തില്‍ തുലാവര്‍ഷം ആരംഭിച്ചതായി കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടക്കത്തില്‍ തുലാവര്‍ഷം ദുര്‍ബലമായിരിക്കും. അറബിക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നതായും ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതായും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്‍റെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത് (Latest Rain News In Kerala).
അതേ സമയം തെക്ക് കിഴക്കന്‍ അറബിക്കടലിനും തെക്ക് പടിഞ്ഞാറന്‍ അറബിക്കടലിനും മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ന്യൂനമര്‍ദം തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ ശക്തി കൂടിയ ന്യൂനമര്‍ദമായി മാറി. പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ഇത് അടുത്ത ആറ് മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദമായി മാറാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പിലുണ്ട്. അതേസമയം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്‌തിരുന്ന ചക്രവാതച്ചുഴി തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദമായി ശക്തി പ്രാപിച്ചതായും ഇന്നോ നാളെയോ (ഒക്‌ടോബര്‍ 23, 24) മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ തീവ്ര ന്യൂനമര്‍ദമായി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു (India Meteorological Department).
ജാഗ്രത നിര്‍ദേശം: സംസ്ഥാനത്ത് മഴ ശക്തമാകുന്ന സാഹചര്യത്തില്‍ കടല്‍ക്ഷോഭമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തീരദേശങ്ങളില്‍ താമസിക്കുന്നവരും അപകട മേഖലകളില്‍ താമസിക്കുന്നവരും സുരക്ഷിതയിടങ്ങളിലേക്ക് മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ കൃത്യമായ അകലം പാലിച്ച് കെട്ടിയിട്ട് സൂക്ഷിക്കുക. ശക്തമായ കാറ്റിലും തിരയിലും പെട്ട് കൂട്ടിയിടിച്ചുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇതിലൂടെ സാധിക്കും. കടല്‍ തീരങ്ങളിലേക്കുള്ള യാത്രകള്‍ ഒഴിവാക്കുകയും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടാതിരിക്കുകയും ചെയ്യുക.