തിരുവനന്തപുരം : സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അടക്കം 11 ജില്ലകളില്‍ മഴ മുന്നറിയിപ്പ് (Weather Update Kerala). പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത് (Yellow alert).
ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയില്‍ നാളെയും (നവംബര്‍ 5), നവംബര്‍ ആറിനും ഓറഞ്ച് അലര്‍ട്ടാണ്. നവംബര്‍ എട്ട് വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ തുടരും. തീരങ്ങളില്‍ കടല്‍ പ്രക്ഷുബ്‌ധമാകും. 1.2 മുതല്‍ 2 മീറ്റര്‍ വരെ ഉയരത്തിലുള്ള തിരകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സമുദ്ര ഗവേഷണ കേന്ദ്രം അറിയിക്കുന്നു.
വടക്കന്‍ കേരളത്തിലെ തീരമേഖലയിലും മലയോര മേഖലയിലും മഴ കനക്കും. ജനങ്ങള്‍ ഇടിമിന്നല്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. അതേസമയം കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയിലുള്ള കാറ്റിന് സാധ്യതയുണ്ട്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ന്യുനമര്‍ദം സ്ഥിതി ചെയ്യുകയാണ്.
കടലാക്രമണ സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറിതാമസിക്കണമെന്നും നിര്‍ദേശം നല്‍കി. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഇടിമിന്നല്‍ ശ്രദ്ധിക്കേണ്ടത് : ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടു കഴിഞ്ഞാലുടന്‍ സുരക്ഷിതമായ കെട്ടിടത്തിലേക്കു മാറേണ്ടതാണ്. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും അടുത്തു നില്‍ക്കാതിരിക്കുക. പരമാവധി ഭിത്തിയിലോ തറയിലോ സ്‌പര്‍ശിക്കാതെ പരമാവധി കെട്ടിടത്തിനകത്തു തന്നെയിരിക്കുക.
ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള സാമീപ്യം ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നല്‍ സമയത്ത് ടെലിഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും കുട്ടികള്‍ ഉള്‍പ്പെടെ കളിക്കുന്നത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യരുത്. ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്തു തന്നെ തുടരുക, കൈകാലുകള്‍ പുറത്തിടരുത്, വാഹനത്തിനുള്ളില്‍ യാത്രക്കാര്‍ സുരക്ഷിതരായിരിക്കും.
സൈക്കിള്‍, ബൈക്ക്, ട്രാക്‌ടര്‍ യാത്രകള്‍ ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുക. ഇടിമിന്നലുള്ളപ്പോള്‍ തുണി എടുക്കാന്‍ ടെറസിലോ മുറ്റത്തോ പോകരുത്. കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്‌തുക്കള്‍ കെട്ടിവയ്ക്കുക. ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക, ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക, പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
ഇടിമിന്നല്‍ സമയത്ത് ജലാശയങ്ങളില്‍ കുളിക്കുന്നതിനോ മീന്‍ പിടിക്കുന്നതിനോ ഇറങ്ങാന്‍ പാടില്ല. ഇടിമിന്നലുള്ളപ്പോള്‍ ബോട്ടിന്‍റെ ഡെക്കില്‍ നില്‍ക്കരുത്. ഇടിമിന്നലുള്ളപ്പോള്‍ മൃഗങ്ങളെ തുറസായ സ്ഥലങ്ങളില്‍ കെട്ടിയിടരുത്.
ALSO READ: മഞ്ഞുവീഴ്‌ചയിൽ പറന്നുയരാനാകാതെ ഹെലികോപ്റ്റർ; പൈലറ്റിന്‍റെ ഇടപെടല്‍ മൂലം ഒഴിവായത് വന്‍ ദുരന്തം