തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയെന്നാണ് മുന്നറിയിപ്പ്.
മെയ് 12, 13 എന്നീ തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂനമർദ്ദം അടുത്ത മണിക്കൂറുകളിൽ മോക്ക ചുഴലിക്കാറ്റായി രൂപം പ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇതിന്‍റെ ഫലമായാണ് കേരളത്തിൽ മഴ തുടരുന്നത്.
തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിലും മധ്യ കിഴക്കൻ ബംഗാൾ ഉൾക്കടലിലുമായി നിലനിൽക്കുന്ന തീവ്ര ന്യൂവമർദ്ദമാണ് മോക്ക ചുഴലിക്കാറ്റായി മാറുന്നതെന്നാണ് അറിയിപ്പ്. മലയോര പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം. കേരളത്തിൽ കാലവർഷം സംബന്ധിച്ച പ്രവചനം ഈ മാസം 15ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറത്തിറക്കും. അതേസമയം കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. എന്നാൽ കർണാടക തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദേശമുണ്ട്.