തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതെയന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളില്‍ ശക്തമായ മഴയ്‌ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. തെക്ക് പടിഞ്ഞാറന്‍ ബിഹാറിന് മുകളിലും സമീപ പ്രദേശങ്ങളിലുമായി ചക്രവാതചുഴി നിലനിവല്‍ക്കുന്നതും, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്‍ മധ്യഭാഗത്ത് മറ്റൊരു ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലും തെക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ നിന്നും തെക്കന്‍ തമിഴ്‌നാട് വരെ ന്യുനമര്‍ദ പാത്തി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ വ്യാപക മഴയ്ക്ക് കാരണമാകുന്നത്.
യെല്ലോ അലര്‍ട്ട്: കേരളത്തിലെ ഒന്‍പത് ജില്ലകളില്‍ ഇന്ന് (29-08-2022) യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുള്ളത്. അടുത്ത മൂന്ന് ദിവസം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും ശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച മലയോരപ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന് സമാനമായ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.