തിരുവനന്തപുരം: സംസ്ഥാന വാട്ടർ അതോറിറ്റിക്ക് പിരിഞ്ഞു കിട്ടാനുള്ളത് 1131 കോടി രൂപയെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ. ഇത് വാട്ടർ അതോറിറ്റിയുടെ ദൈനംദിന പ്രവർത്തനങ്ങൾക്ക് പ്രതിസന്ധിയാവുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി. കുടിശ്ശിക പിരിച്ചെടുക്കാൻ ഓഗസ്റ്റ് 15 വരെ അദാലത്തുകൾ സംഘടിപ്പിക്കും.
ജലജീവൻ പദ്ധതി 2024- 2025 ഓടെ പൂർത്തിയാക്കും. പദ്ധതിക്ക് സ്ഥലമേറ്റെടുക്കാൻ വില നിശ്ചയിക്കുന്നതിന് ജില്ല കലക്ടർമാർക്ക് അധികാരം നൽകിയിട്ടുണ്ട്. പദ്ധതിയുടെ ഭാഗമായി നിർബന്ധപൂർവം റോഡുകൾ വെട്ടിപ്പൊളിക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടില്ല.
റോഡുകൾ പുനഃസ്ഥാപിക്കുന്നതും പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉന്നയിച്ച ആവശ്യം പരിശോധിക്കാമെന്ന് മന്ത്രി മറുപടി പറഞ്ഞു. ആവശ്യത്തിന് ഫണ്ടില്ലാത്ത പഞ്ചായത്തുകൾക്ക് സഹായം നൽകുന്നതിനെ കുറിച്ച് ആലോചിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റെ ചോദ്യത്തിന് മറുപടിയായി മന്ത്രി വ്യക്തമാക്കി.