തിരുവനന്തപുരം: വടക്കഞ്ചേരിയിൽ കെഎസ്ആര്‍ടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിഇടിച്ച് 9 പേർ മരിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് റവന്യൂ മന്ത്രി കെ രാജൻ. ഇത്തരം അപകടങ്ങൾ ആവർത്തിക്കാതിരിക്കുകയാണ് ലക്ഷ്യം. അതിനുതകുന്ന അന്വേഷണം നടത്തുമെന്നും മന്ത്രി പറഞ്ഞു.
ജില്ല കലക്‌ടര്‍മാരെ ഏകോപിപ്പിച്ച് തിരുവനന്തപുരത്ത് നിന്ന് വകുപ്പുതല ഏകോപനം നടത്തുന്നുണ്ട്. പാലക്കാട്, തൃശൂര്‍ കേന്ദ്രീകരിച്ച് മന്ത്രിമാരായ എംബി രാജേഷും കെ രാധാകൃഷ്‌ണനും മന്ത്രിതല ഏകോപനം നടത്തും. അപകടത്തിൽപ്പെട്ട കുട്ടികൾക്ക് കൗൺസലിങ് നൽകും.
പരിക്കേറ്റവരിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. നഷ്‌ടപരിഹാരം നൽകുന്നതിൽ മന്ത്രിസഭ യോഗം ചേർന്ന് തീരുമാനമെടുക്കും. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി പോസ്റ്റുമോർട്ടം നടപടികള്‍ വേഗത്തിലാക്കുമെന്നും റവന്യൂമന്ത്രി വ്യക്തമാക്കി. വടക്കഞ്ചേരി അപകടത്തിന് കാരണം ടൂറിസ്റ്റ് ബസ് ഡ്രൈവറുടെ അശ്രദ്ധയും അമിതവേഗതയുമാണെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജുവും പ്രതികരിച്ചിരുന്നു.
വ്യാഴാഴ്‌ച പുലർച്ചെ 12 മണിയോടെ വടക്കഞ്ചേരി ദേശീയപാതയിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. എറണാകുളം മുളന്തുരുത്തി ബസേലിയസ് വിദ്യാനികേതന്‍ സ്‌കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്. കൊട്ടാരക്കര - കോയമ്പത്തൂർ സൂപ്പർഫാസ്റ്റ് ബസിലേക്ക് ടൂറിസ്റ്റ് ബസ് ഇടിച്ച് കയറിയാണ് അപകടമുണ്ടായത്.
41 വിദ്യാര്‍ഥികളും അഞ്ച് അധ്യാപകരും രണ്ട് ബസ് ജീവനക്കാരുമടക്കം 48 പേരാണ് വിനോദയാത്ര സംഘം സഞ്ചരിച്ച ബസിലുണ്ടായിരുന്നത്. 26 ആൺകുട്ടികളും 16 പെൺകുട്ടികളുമാണ് ബസിൽ ഉണ്ടായിരുന്നത്. മരിച്ചവരിൽ അഞ്ച് പേർ വിദ്യാർഥികളും, മൂന്ന് പേർ കെഎസ്ആര്‍ടിസി യാത്രക്കാരും, ഒരാൾ അധ്യാപകനുമാണ്.