തിരുവനന്തപുരം: നഗരസഭയിലെ നിയമന കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്ന് ബിജെപി ജില്ല പ്രസിഡന്‍റ് വിവി രാജേഷ്. നിയമന പട്ടികകൾ ഇനിയും പുറത്തുവരും. സമരവുമായി മുന്നോട്ടുപോവുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.
ജനങ്ങൾ വസ്‌തുത അറിയുന്നതിനാണ് ബിജെപി കൗൺസിൽ യോഗം വിളിക്കാൻ ആവശ്യപ്പെട്ടത്. ആരോപണ വിധേയയായ മേയർ മാറിനിന്ന് വേണമായിരുന്നു വിഷയം ചർച്ച ചെയ്യേണ്ടിയിരുന്നത്. സർക്കാറിന്‍റെ അഴിമതിക്കെതിരെ ഗവർണർ നിലപാടെടുത്തതാണ് എല്‍ഡിഎഫിന്‍റെ രാജ്ഭവൻ മാർച്ചിന് കാരണം. രാജ്ഭവൻ മാർച്ചിൽ സർവീസ് റൂൾ ലംഘിച്ച് സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തു.
ALSO READ| കത്ത് വിവാദം: ആര്യ രാജേന്ദ്രന്‍റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
സർക്കാർ ജീവനക്കാർ രാഷ്ട്രീയ പാർട്ടി പരിപാടികളിൽ പങ്കെടുക്കരുതെന്നാണ് ചട്ടം. സെക്രട്ടേറിയറ്റിലെ ജീവനക്കാർ ഹാജർ രേഖപ്പെടുത്തിയ ശേഷം മാർച്ചിൽ പങ്കെടുത്തു. ജീവനക്കാർ യോഗം ചേർന്ന ശേഷമാണ് മാർച്ചിൽ പങ്കെടുത്തത്. സമരക്കാരെ ബസിൽ സെക്രട്ടേറിയറ്റിൽ കൊണ്ടുപോയി. ഇതുമായി ബന്ധപ്പെട്ടുള്ള ചട്ടലംഘനം ചൂണ്ടിക്കാണിച്ച് ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിട്ടുണ്ട്.
അടിയന്തരമായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. രാജ്ഭവൻ മാർച്ചിന്‍റെ മുന്നൊരുക്കത്തിനായി സർക്കാർ ഉദ്യോഗസ്ഥർ യോഗം ചേർന്നു. പാണക്കാട് തങ്ങൾ ഹാളിൽ ഉദ്യോഗസ്ഥർ യോഗം ചേർന്നത് ഡ്യൂട്ടിയിൽ ഉള്ളപ്പോഴാണെന്നും വിവി രാജേഷ് ആരോപിച്ചു.