തിരുവനന്തപുരം/തൃശൂര്‍: കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. തൃശൂരിൽ കൊവിഡ് സ്ഥിരീകരിച്ച ആരോഗ്യ പ്രവർത്തകയ്ക്ക് ഒപ്പം മന്ത്രി ഒരു യോഗത്തിൽ പങ്കെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്. കഴിഞ്ഞ 15 ന് തൃശൂർ കോർപ്പറേഷൻ ഓഫീസിലായിരുന്നു യോഗം. നിയോജക മണ്ഡലം അവലോകന യോഗമാണ് നടന്നത്. കോർപ്പറേഷൻ മേയർ അടക്കമുള്ളവർ പങ്കെടുത്തിരുന്നു. ഈ യോഗത്തിൽ ഉണ്ടായിരുന്ന ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഇവരുടെ പരിശോധനാ ഫലം ഇന്നലെയാണ് ലഭിച്ചത്. ഫലം പോസിറ്റീവായ വിവരം തൃശൂർ ഡിഎംഒ മന്ത്രിയെ അറിയിച്ചതിനെ തുടർന്ന് ഇന്നലെ രാത്രി മുതൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിക്കുകയായിരുന്നു. യോഗത്തിൽ ഉണ്ടായിരുന്ന മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും ക്വാറന്‍റൈനിലാണ്. തിരുവനന്തപുരത്തെ വസതിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഇവിടെ നിന്ന് മാറ്റിയിട്ടുണ്ട്. എത്ര ദിവസത്തേക്കാണ് നിരീക്ഷണം എന്ന് വ്യക്തമാക്കിയിട്ടില്ല. സ്രവ പരിശോധന ഫലം വരുന്നത് വരെ നിരീക്ഷണത്തിൽ തുടരണം. ആരോഗ്യ വകുപ്പിന്‍റെ നിര്‍ദേശം പാലിച്ച് മുന്നോട്ട് പോകുമെന്ന് വിഎസ് സുനിൽ കുമാർ പറഞ്ഞു.