2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ ശബരിമല സ്ത്രീ പ്രവേശനത്തിലെ സുപ്രീംകോടതി വിധിയും അത് നടപ്പാക്കുന്നതില്‍ എല്‍ഡിഎഫ് സർക്കാർ സ്വീകരിച്ച സമീപനവും വലിയതോതില്‍ ചർച്ചയായിരുന്നു. പക്ഷേ അതൊരു അടിയൊഴുക്കാകുമെന്ന് എല്‍ഡിഎഫ് കണക്കുകൂട്ടിയില്ല. ശബരിമല സ്ത്രീപ്രവേശനത്തിന് എതിരായി സമരങ്ങൾ നയിച്ച ബിജെപി വലിയ വിജയ പ്രതീക്ഷ പുലർത്തി. കാര്യങ്ങൾ അപ്രതീക്ഷിതമായിരുന്നു. ഫലം വന്നപ്പോൾ കേരളത്തിലെ 20 മണ്ഡലങ്ങളില്‍ 19 ഇടത്തും വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് ജയിക്കുന്നു. സ്വന്തം കോട്ടകൾ പോലും തകരുന്നത് കണ്ടുനില്‍ക്കാനായിരുന്നു എല്‍ഡിഎഫ് നേതാക്കൻമാരുടെ വിധി. ബിജെപിയുടെ എല്ലാ പ്രതീക്ഷകളും തകർന്നു. 2019 അവസാനം കേരളത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് വന്നു. ബിജെപിയും യുഡിഎഫും കൂടൂതല്‍ ശക്തമായി ശബരിമല സ്ത്രീ പ്രവേശനത്തില്‍ എല്‍ഡിഎഫ് സർക്കാർ സ്വീകരിച്ച നടപടികൾ പ്രചാരണ ആയുധമാക്കി. പക്ഷേ അതൊന്നും വലിയ ഫലം ചെയ്തില്ല. തദ്ദേശത്തില്‍ കാലാകാലങ്ങളായി തുടരുന്ന മേധാവിത്തം എല്‍ഡിഎഫ് തുടർന്നു. നഗരമേഖലകളില്‍ വലിയ മുന്നേറ്റം സൃഷ്ടിക്കാനും എല്‍ഡിഎഫിന് കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അതൊക്കെ സാധാരണമെന്ന നിലപാടായിരുന്നു യുഡിഎഫിന്. മൂന്ന് മാസം കഴിഞ്ഞപ്പോഴേക്കും നിയമസഭ തെരഞ്ഞെടുപ്പ് എത്തി.
Also Read: 99/140... എല്‍ഡിഎഫിന്‍റെ തുടർ "വിജയ"മന്ത്രം
ശബരിമല വോട്ടായില്ല
എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി. വികസനം, ജനക്ഷേമം, പെൻഷൻ അടക്കമുള്ള കാര്യങ്ങളില്‍ ഊന്നിയാണ് എല്‍ഡിഎഫ് വോട്ട് ചോദിച്ചത്. പരമാവധി ശബരിമല എന്ന പേര് ചർച്ചയാകാതിരിക്കാനാണ് സിപിഎമ്മും എല്‍ഡിഎഫും ശ്രമിച്ചത്. സിപിഎമ്മില്‍ ഉയർന്നുവന്ന വൈരുദ്ധ്യാത്മിക ഭൗതിക വാദ ചർച്ചകൾ പോലും തിരിച്ചടിയാകും എന്നതിനാല്‍ അവയെല്ലാം വളരെ വേഗം അവസാനിപ്പിച്ച് ഒന്നാം പിണറായി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ മാത്രം ജനങ്ങളോട് പറയാൻ എല്‍ഡിഎഫ് പ്രത്യേകം ശ്രദ്ധിച്ചു.
പക്ഷേ യുഡിഎഫ് 2019ല്‍ ജനം നല്‍കിയ വലിയ വിജയത്തിന്‍റെ തുടർച്ച പ്രതീക്ഷിച്ചു. അതുകൊണ്ടുതന്നെ ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടത്താൻ പോകുന്ന നിയമനിർമാണത്തിന്‍റെ കരട് രേഖ പുറത്തുവിട്ടാണ് യുഡിഎഫ് പ്രകടന പത്രിക പോലും പുറത്തിറക്കിയത്. ബിജെപി കുറച്ചുകൂടി മുന്നോട്ടു പോയി. ശബരിമലയില്‍ നിയമനിർമാണം നടത്തുന്നതിനൊപ്പം ലൗജിഹാദില്‍ കൂടി നിയമനിർമാണം നടത്തുമെന്നാണ് ബിജെപി അസന്നിഗ്ധമായി പ്രകടന പത്രികയില്‍ പറഞ്ഞത്. അതുകൊണ്ടുതന്നെ യുഡിഎഫും ബിജെപിയും തികഞ്ഞ വിജയ പ്രതീക്ഷയിലായിരുന്നു. കാരണം 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം വിധിയെഴുതിയത് ശബരിമലയിലെ രാഷ്ട്രീയ നിലപാടിനാണെന്ന ബോധ്യത്തില്‍ തന്നെയായിരുന്നു യുഡിഎഫും ബിജെപിയും. 2021 മെയ് രണ്ടിന് ഫലം വന്നപ്പോൾ വിധി മറ്റൊന്നായി. 140ല്‍ 99 സീറ്റുമായി എല്‍ഡിഎഫ് അധികാരത്തിലെത്തി. വികസനം, ജനക്ഷേമം, പെൻഷനുകൾ എന്നീ ഘടകങ്ങൾ അടിസ്ഥാനമാക്കിയ എല്‍ഡിഎഫിന് ജനം വോട്ട് ചെയ്തുവെന്ന് വ്യക്തം.
Also Read: തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്
ജനത്തിന്‍റെ ശരിദൂരം
അയ്യപ്പനും മറ്റ് എല്ലാ ദേവഗണങ്ങളും എല്‍ഡിഎഫിന് ഒപ്പമെന്ന് പറഞ്ഞത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അതും ഏപ്രില്‍ ആറിന് വോട്ടെടുപ്പ് ദിനത്തില്‍. പിണറായി അമല സ്കൂളില്‍ വോട്ട് ചെയ്ത ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അത് പക്ഷേ യഥാർഥത്തില്‍ എൻഎസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരൻ നായരുടെ പ്രഖ്യാപനത്തിനുള്ള മറുപടിയായിരുന്നു. വോട്ടെടുപ്പ് ദിനം പലരൂപത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം ചർച്ചയായി. വിശ്വാസം സംരക്ഷിക്കാൻ വോട്ട് ചെയ്യണമെന്നും ഭരണമാറ്റം വേണമെന്നുമായിരുന്നു എൻഎസ്എസ് നിലപാട്. ഇതിനുള്ള മറുപടിയാണ് പിണറായി വിജയൻ നല്‍കിയത്.
2019ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്‍റെ വൻ വിജയത്തിന് ശേഷം എൻഎസ്എസ് കേരള രാഷ്ട്രീയത്തില്‍ വീണ്ടും ഇടപെടാൻ തുടങ്ങിയിരുന്നു. വിശ്വാസ സംരക്ഷണം തന്നെയായിരുന്നു പ്രധാന അജണ്ട. പക്ഷേ ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം നടന്ന, തങ്ങള്‍ക്ക് വലിയ സ്വാധീനമുള്ള വട്ടിയൂർക്കാവ്, കോന്നി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ എല്‍ഡിഎഫിന് ജയിക്കാൻ കഴിഞ്ഞത് എൻഎസ്എസ് മുഖവിലയ്ക്കെടുത്തില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ സമദൂരമെന്ന പഴയ നിലപാട് മാറ്റിവച്ച്, പരസ്യമായി ഭരണമാറ്റം എന്ന ആവശ്യത്തിലേക്ക് എൻഎസ്എസ് എത്തുകയായിരുന്നു. അതിനെ ശരിദൂരമെന്നാണ് സുകുമാരൻ നായർ വിശേഷിപ്പിച്ചത്. എന്നാല്‍ കീഴടങ്ങാൻ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന എ വിജയരാഘവനും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തയ്യാറായില്ല. പലപ്പോഴും ഇരുവരും പരസ്യമായി എൻഎസ്എസിനോട് ഏറ്റുമുട്ടുകയാണുണ്ടായത്. നായർ സമുദായ അംഗങ്ങൾ എപ്പോഴും എൻഎസ്എസ് ജനറല്‍ സെക്രട്ടറിയുടെ നിലപാട് അംഗീകരിക്കണം എന്ന് നിർബന്ധമില്ല എന്നതാണ് ഈ തെരഞ്ഞെടുപ്പ് നല്‍കുന്ന രാഷ്ട്രീയ പാഠം. എൻഎസ്എസിന് ഏറ്റവുമധികം സ്വാധീനമുള്ള തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം മണ്ഡലങ്ങളിലെ എല്‍ഡിഎഫ് വിജയം അത് വ്യക്തമാക്കുന്നതുമാണ്. ഇത് വർഷങ്ങൾക്ക് മുൻപ് തന്നെ എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ബോധ്യപ്പെട്ടിട്ടുള്ളതുമാണ്.
കരുതലോടെ വെള്ളാപ്പള്ളി
മുൻ വർഷങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ സ്വീകരിച്ച നിലപാടുകൾ പലതും പാളിയതുകൊണ്ടാകാം ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ എസ്എൻഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ വലിയ പരസ്യ പ്രതികരണങ്ങൾക്ക് തയ്യാറായില്ല. കുട്ടനാട് മണ്ഡലത്തില്‍ ഈഴവ സ്ഥാനാർഥി വേണമെന്ന ആവശ്യത്തില്‍ ആഗ്രഹം ഒതുക്കി. അത് എല്‍ഡിഎഫ് മുഖവിലയ്ക്ക് എടുത്തതുമില്ല. മകൻ തുഷാർ വെള്ളാപ്പള്ളി നയിക്കുന്ന ബിഡിജെഎസ് ഈഴവ സമുദായത്തെ പ്രതിനിധീകരിച്ച് ബിജെപിക്കൊപ്പം എൻഡിഎയില്‍ മത്സരിച്ചെങ്കിലും ദയനീയ പ്രകടനമാണ് തെരഞ്ഞെടുപ്പില്‍ നടത്തിയത്. മത്സരിച്ച ബഹുഭൂരിപക്ഷം സീറ്റുകളിലും മുൻ വർഷങ്ങളില്‍ നേടിയ വോട്ടുകളുടെ പകുതി പോലും ബിഡിജെഎസിന് നേടാനായില്ല. അത് ബിജെപി നേതാക്കൾ തന്നെ പരസ്യമായി ചൂണ്ടിക്കാട്ടിയത് വരും നാളുകളില്‍ ബിഡിജെഎസിന്‍റെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതാകും.
Also Read: നിയമസഭയിലേക്ക് 11 വനിത എംഎല്‍എമാര്‍ ; പത്തുപേരും ഭരണപക്ഷത്ത്
താമരയെ തേടിയ സഭകൾ
മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ക്രിസ്‌ത്യൻ സഭകൾ ബിജെപിയുമായി കൈകോർക്കാൻ ശ്രമിക്കുന്ന കാഴ്ചകൾക്ക് കേരളം ഇത്തവണ സാക്ഷിയായി. പള്ളികളുടെ അവകാശത്തിന് വേണ്ടി ഓർത്തഡോക്‌സ്- യാക്കോബായ സഭകൾ വർഷങ്ങളായി നടത്തുന്ന തർക്കമാണ് ബിജെപിയിലേക്ക് എത്തിയത്. ബിജെപി ദേശീയ നേതൃത്വത്തെ നേരില്‍ കണ്ട് സഹായം തേടിയ സഭകൾ പ്രധാനമന്ത്രി നരേന്ദ്രമോദി, അമിത് ഷാ എന്നിവരുമായെല്ലാം കൂടിക്കാഴ്ച നടത്തി. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് വരെ ക്രിസ്ത്യൻ സഭകൾ ബിജെപിയെ വലിയ രീതിയില്‍ വിശ്വാസത്തിലെടുക്കുകയും ചെയ്തു.
സഭാതർക്കം സംബന്ധിച്ച് കോടതി വിധികൾ പലതും വന്നെങ്കിലും വിശ്വാസികളുടെ വികാരം മാനിച്ച് മാറി മാറി വന്ന സംസ്ഥാന സർക്കാരുകൾ നടപ്പാക്കിയെടുക്കാൻ ശ്രമിച്ചിരുന്നില്ല. പക്ഷേ കോടതികൾ നിലപാട് കടുപ്പിക്കുമ്പോൾ ജില്ല ഭരണകൂടവും പൊലീസും പള്ളികൾ പിടിച്ചെടുത്ത് കോടതി വിധി നടപ്പാക്കാൻ ശ്രമിച്ചിരുന്നു. ഇതെല്ലാം ഭരിക്കുന്ന സർക്കാരുകൾക്ക് എതിരായി വിശ്വാസികളുടെ വികാരം ഉണരാൻ കാരണമാകാറുണ്ട്. തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ക്രിസ്ത്യൻ വിശ്വാസികളുടെ വോട്ടുകൾ സഭാതർക്കത്തിന്‍റെ ഫലമായി ആരുടെ പെട്ടിയില്‍ വീഴുമെന്നത് രാഷ്ട്രീയ പാർട്ടികളെ ആശങ്കയിലാക്കിയിരുന്നു. അവിടെയാണ് ബിജെപി വലിയ അനുനയ ശ്രമവും വിധി നടപ്പാക്കുന്നത് സംബന്ധിച്ച് വാഗ്‌ദാനവും സഭകൾക്ക് നല്‍കിയത്. പക്ഷേ ആ വിശ്വാസവും വാഗ്‌ദാനവും വോട്ടായി മാറിയില്ല എന്ന് വേണം കരുതാൻ.