തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ 168 ബൂത്തുകളിലും ഉപയോഗിക്കേണ്ട വോട്ടിങ് മെഷീനുകളുടെ കമ്മിഷനിങ് പൂർത്തിയായി. മെഷീനുകളിൽ ബാലറ്റ് പതിച്ചശേഷം പട്ടം സെന്റ് മേരീസ് സ്‌കൂളിലെ സ്ട്രോങ് റൂമിലേക്ക് മാറ്റി. ഇവ ഞായറാഴ്ച പോളിങ് ഉദ്യോഗസ്ഥർക്ക് കൈമാറും. മെഷീനുകളുടെ വിതരണവും വോട്ടെണ്ണലും നടക്കുന്ന പട്ടം സെന്‍റ് മേരീസിൽ പൊലീസ് ശക്തമായ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടുണ്ട്.
മണ്ഡലത്തിലെ 48 പ്രശ്നബാധിത ബൂത്തുകളിൽ 37 ഇടങ്ങളിൽ വെബ്‌കാസ്റ്റിങ് നടത്തും. 11 ബൂത്തുകളിൽ മൈക്രോ ഒബ്‌സര്‍വര്‍മാരെ നിയോഗിക്കും. പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനം ബുധനാഴ്ച മുതൽ വെളളിയാഴ്ച വരെ നടക്കും. പെരുമാറ്റച്ചട്ട ലംഘനങ്ങൾ കണ്ടെത്തുന്നതിനുള്ള സ്‌ക്വാഡുകൾ, പൊതുസ്ഥലത്തെ നിയമവിരുദ്ധ പരസ്യബോർഡുകൾ നീക്കം ചെയ്യുന്നതിനുള്ള ആന്റി ഡീഫെയ്സ്മെന്റ് ടീം, പണം, മയക്കുമരുന്ന് എന്നിവയുടെ കൈമാറ്റം നിരീക്ഷിക്കുന്ന സർവയലൻസ് ടീം എന്നിവ മണ്ഡലത്തിൽ മുഴുവൻ സമയ നിരീക്ഷണം നടത്തുന്നുണ്ട്.