കേരളത്തിലെ പല മണ്ഡലങ്ങളിലും വോട്ടിങ് യന്ത്രങ്ങൾ തകരാറിൽ. ആലപ്പുഴയിൽ ചേർത്തല 38-ാം ബൂത്തിൽ ഏതു ചിഹ്നത്തിൽ വോട്ട് ചെയ്താലും വോട്ട് താമരക്ക് വീഴുന്നതായി പരാതി. കണ്ണൂരിൽ വോട്ടിങ് യന്ത്രം തകരാറിൽ. മണ്ഡലത്തിലെ കാഞ്ഞിരക്കൊല്ലിയിലെ 149-ാം ബൂത്തിലെ വോട്ടിങ് യന്ത്രമാണ് തകരാറിലായത്. യന്ത്രത്തിന്‍റെ ബട്ടണ്‍ അമര്‍ത്താന്‍ സാധിക്കുന്നില്ല. ബൂത്തിലേക്ക് പകരം വോട്ടിങ് യന്ത്രം എത്തിക്കാനുള്ള ശ്രമം നടക്കുകയാണ്. പിണറായിയിൽ മുഖ്യമന്ത്രി വോട്ട് ചെയ്യേണ്ട ബൂത്തിൽ യന്ത്രത്തകരാറുണ്ടായത് പരിഹരിച്ചു . പിണറായി ആർ സി അമല സ്കൂളിലെ 161 ബൂത്തിലാണ് വോട്ടെടുപ്പ് വൈകിയത്.
പൂക്കാട്ടുപടി സെന്‍റ് ജോർജ് പബ്ലിക്ക് സ്കൂളിലെ വിവി പാറ്റിന് തകരാർ റിപ്പോർട്ട് ചെയ്തു.
എറണാകുളം എളമക്കര ഗവ ഹൈസ്‌കൂളിലേയും, കോതമംഗലം ദേവസ്വം ബോര്‍ഡ് ഹൈസ്‌ക്കൂളിലേയും പോളിങ് ബൂത്തുകളിലും വോട്ടിങ് യന്ത്രത്തിന് തകരാര്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. തൃക്കാക്കര 82 -ാം ബൂത്തിൽ വോട്ടിങ് വൈകുന്നു. പത്തനംതിട്ട ആനപ്പാറ എല്‍പി സ്‌കൂള്‍ , കുമ്പഴ 245 നമ്പർ ബൂത്ത്, കൊല്ലം പരവൂരിലെ 81-ാം ബൂത്ത്, കൊല്ലം കുണ്ടറയിലെ 86-ാം ബൂത്ത് എന്നിവിടങ്ങളിലെ വോട്ടിങ് യന്ത്രങ്ങളും തകരാറിലാണ്. കോഴിക്കോട് തിരിത്തിയാട് 152-ാം ബൂത്തിലെ വിവിപാറ്റ് മെഷീന്‍ തകരാറിലായതിനാല്‍ മോക്ക് പോളിങ് വൈകി.
മലപ്പുറം വില്ലേജിൽ രാത്രി 12 മണിക്ക് ശക്തമായ മഴ പെയ്തതിനെ തുടർന്ന് 113, 109 ബൂത്തുകൾ ചോർന്നൊലിക്കുകയും മെഷീനുകളടെ കവറുകൾ നനയുകയും ചെയ്തു. 109-ാം നമ്പർ ബൂത്തിലെ രജിസ്റ്ററുകളും കവറുകളും നനയുകയും ചെയ്തിട്ടുണ്ട് . തറയിൽ തളം കെട്ടി നിന്ന മഴവെള്ളം 80 ശതമാനവും തുടച്ചെടുത്തപ്പോൾ വീണ്ടും മഴ പെയ്യുകയും ചെയ്തു. അതിനാൽ എല്ലാവരും എത്രയും പെട്ടന്ന് വന്ന് സഹകരിക്കാൻ അധികൃതർ അറിയിച്ചു. തിരുവനന്തപുരം ജില്ലയിലും വോട്ടിങ് യന്ത്രം തകരാറിലായത് മോക്ക് പോളിങ് വൈകിപ്പിച്ചിരുന്നു. എന്നാൽ പിന്നീട് യന്ത്ര തകരാർ പരിഹരിച്ചതായി ജില്ലാ കലക്ടർ കെ വാസുകി അറിയിച്ചു.