തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കലിനെതിരായ കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വി.എം സുധീരൻ. പുരാവസ്തു തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തുവരണമെങ്കില്‍ സിബിഐ അന്വേഷണം തന്നെ വേണമെന്ന് വി.എം സുധീരന്‍ ഫേസ്ബുക്കിൽ കുറിച്ചു.
ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ വഴിവിട്ട് മോന്‍സന് സംരക്ഷണ വലയം ഒരുക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ കീഴിലുള്ള ക്രൈംബ്രാഞ്ച് അന്വേഷണം കുറ്റം തെളിയിക്കുന്നതിന് തികച്ചും അപര്യാപ്‌തവും അപ്രായോഗികവുമാണെന്ന് സാമാന്യബുദ്ധിയുള്ള എല്ലാവര്‍ക്കും മനസിലാകുന്നതാണെന്ന് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
കേസുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ അതിരൂക്ഷമായ വിമര്‍ശനം കേസന്വേഷണത്തിലെ അപാകതകളും അനൗചിത്യവും ഗുരുതരമായ വീഴ്‌ചകളും തുറന്നുകാണിക്കുന്നതാണ്. യഥാര്‍ഥത്തില്‍ സര്‍ക്കാരിനെതിരെയുള്ള കുറ്റപത്രമാണ് ഹൈക്കോടതി വിമര്‍ശനമെന്നും സുധീരന്‍ ആരോപിച്ചു.
ഹൈക്കോടതി നിരീക്ഷണം സിബിഐ അന്വേഷണം നടക്കേണ്ടതിന്‍റെ അനിവാര്യതയാണ് വ്യക്തമാക്കുന്നത്. ഒന്നും മറച്ചുവയ്ക്കാനില്ലെങ്കില്‍ ഇനിയെങ്കിലും സിബിഐ അന്വേഷണത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും സുധീരന്‍ ഫേസ്‌ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
Also Read: ജനങ്ങള്‍ക്കിടയിലിറങ്ങാന്‍ ഭയമില്ല; വി.ഡി സതീശന്‍റെ സുരക്ഷ കുറച്ചതിൽ കെ.സുധാകരൻ