തിരുവനന്തപുരം: ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് അറിയുന്നതിന്... തലസ്ഥാനത്തെ വൈകുന്നേരങ്ങൾ മനോഹരമാക്കുന്ന വിഴിഞ്ഞം കടല്‍ത്തീരത്തെ ടൂറിസം പാർക്കിനെ കുറിച്ചാണ് പറയുന്നത്. കുട്ടികൾക്കുള്ള കളിയൂഞ്ഞാൽ അടക്കമുള്ള കളിക്കോപ്പുകളെല്ലാം തുരുമ്പെടുത്ത് നശിച്ചു.
സന്ധ്യമയങ്ങിയാല്‍ വെളിച്ചമുണ്ടാകില്ല. വൈദ്യുതി കണക്ഷൻ ലഭിക്കാത്തതുകൊണ്ടാണ് വഴിവിളക്കുകൾ ഉപയോഗ ശൂന്യമായത്. പാർക്കിലെ കരിങ്കൽ കെട്ടുകൾ ഇളകി കടലിലെത്തി. 2015ല്‍ കേന്ദ്ര ടൂറിസം വകുപ്പിന്‍റെ രണ്ടു കോടിയോളം രൂപ വിനിയോഗിച്ചാണ് വിഴിഞ്ഞത്തെ നടപ്പാതകളും ടൂറിസം പാർക്കും പൂർത്തിയാക്കിയത്.
പാർക്കിന്‍റെ പണി പൂർത്തിയായതിനു ശേഷം ഇത് നഗരസഭയെ ഏൽപ്പിക്കുമെന്നാണ് പറഞ്ഞിരുന്നത്. അത് പ്രഖ്യാപനത്തിൽ ഒതുങ്ങിയതോടെ നോക്കാനും കാണാനും ആളില്ലാതെയായി. അതോടെ പാർക്കിന്‍റെ ശനിദശയും ആരംഭിച്ചു.
ഈ വിഷയം ശ്രദ്ധയില്‍ പെട്ടാല്‍ മന്ത്രി നേരിട്ട് ഇടപെട്ട് പാർക്ക് നവീകരിച്ച് ജനങ്ങൾക്ക് ഉപകാരമായ രീതിയിൽ പ്രവർത്തനം നടക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.