എറണാകുളം: വിഴിഞ്ഞം തുറമുഖത്തിനായി ഒരു മത്സ്യത്തൊഴിലാളി കുടുംബത്തെയും ഒഴിപ്പിച്ചിട്ടില്ലെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയിൽ. തുറമുഖത്തിന്‍റെ 80 ശതമാനം ജോലികളും പൂർത്തിയായെന്നും ഗ്രൂപ്പ് വ്യക്തമാക്കി. അതേസമയം, സമരത്തിന്‍റെ മുന്നിൽ ഗർഭിണികളും കുട്ടികളും ഉള്ളതിനാൽ കടുത്ത നടപടി എടുക്കാനാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
സമരക്കാരിൽ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ''ആയിരത്തിലധികം പേരെങ്കിലും സമരത്തിൽ ഉണ്ട്. സമരക്കാർ അതീവ സുരക്ഷാമേഖലയിൽ തമ്പടിച്ചിരിക്കുന്നുണ്ട്'', അദാനി ഗ്രൂപ്പും കരാർ കമ്പനിയും ഹൈക്കോടതിയെ അറിയിച്ചു.
കേന്ദ്ര സംരക്ഷണം വേണമെങ്കിൽ സംസ്ഥാനം ആവശ്യപ്പെടണമെന്നായിരുന്നു കേന്ദ്ര സർക്കാർ, കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ വ്യകതമാക്കിയത്. കേന്ദ്ര സേന സുരക്ഷ ഒരുക്കുന്നതിനെ സംസ്ഥാനം എതിർത്തിരുന്നു. അതേസമയം, ക്രമസമാധാനം ഉറപ്പ് വരുത്തണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.