തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ആദ്യഘട്ടം 2023 സെപ്റ്റംബറിൽ കമ്മിഷൻ ചെയ്യുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. തുറമുഖത്ത് ആദ്യ കപ്പൽ അടുത്ത വർഷം മാർച്ചിൽ എത്തുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ പ്രവർത്തന പുരോഗതി അവലോകനം ചെയ്യാനും ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുന്നതിനുമായി അദാനി പോർട്‌സ് ആൻഡ് സെസ് ലിമിറ്റഡിന്‍റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസർ കരൺ ഗൗതം അദാനി പങ്കെടുത്ത അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
പദ്ധതിക്കായി കൂടുതൽ നിക്ഷേപം നടത്താൻ സർക്കാർ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെട്ടു. പദ്ധതിയുമായി ബന്ധപ്പെട്ടുണ്ടാകുന്ന പുനരധിവാസ പ്രശ്‌നം പരിഹരിക്കും. പണികൾക്കായി പാറയുടെ ലഭ്യത ഉറപ്പാക്കും. കൂടുതൽ തൊഴിൽ സാധ്യത തുറന്നിടുന്ന പദ്ധതിയാണിത്. പ്രദേശവാസികളുടെ പ്രശ്‌നങ്ങൾ മനസിലാക്കി ചർച്ച ചെയ്‌ത് പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
ഏഷ്യയിലെ തന്നെ ഏറ്റവും ആധുനിക സംവിധാനമാണ് വിഴിഞ്ഞം തുറമുഖത്തിലുണ്ടാവുക. കടൽ ഭിത്തിയുടെ നിർമാണം വേഗത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സമയബന്ധിതമായി പദ്ധതി പൂർത്തിയാക്കുമെന്ന് വിഴിഞ്ഞം പോർട്ട് സിഇഒ രാജേഷ് ജാ പറഞ്ഞു. മുഖ്യമന്ത്രിയുമായി സംസാരിച്ചു. അടുത്ത വർഷം പണികൾ പൂർത്തിയാക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.