തിരുവനന്തപുരം: കനത്ത മഴയെ തുടർന്ന് പ്രക്ഷുബ്‌ധമായ കടലും കാലാവസ്ഥ മുന്നറിയിപ്പുമൊക്കെ നിശബ്‌ദമാക്കിയ വിഴിഞ്ഞം കടപ്പുറം വീണ്ടുമുണർന്നു. വള്ളങ്ങളിൽ നിറയെ വാളയും കല്ലൻ കണവയും കിട്ടിയതോടെ പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കൊപ്പം കച്ചവടക്കാരും സന്തോഷത്തിലാണ്.
വിഴിഞ്ഞത്ത് സീസൺ തുടങ്ങിയെങ്കിലും കാര്യമായ മത്സ്യലഭ്യത ഉണ്ടായിരുന്നില്ല. ബുധനാഴ്‌ച ഉച്ചമുതൽ വള്ളങ്ങളിൽ കല്ലൻ കണവയും വാളയും കിട്ടിത്തുടങ്ങുകയായിരുന്നു. കയറ്റുമതി കമ്പോളത്തിൽ ഏറെ ഡിമാൻഡുള്ള കല്ലൻ കണവ വലിയ അളവിലാണ് വിഴിഞ്ഞത്ത് ലഭ്യമായിരിക്കുന്നത്.
വാളയും പ്രാദേശികമായി ഏറെ വിറ്റുപോകുന്ന മത്സ്യമാണ്. വിഴിഞ്ഞത്ത് വരുന്ന വള്ളങ്ങളിൽ എല്ലാം വാളയുടെ വൻ ശേഖരം ഉണ്ടായിരുന്നു. ബുധനാഴ്‌ച ഉച്ചമുതൽ വിഴിഞ്ഞത്ത് മത്സ്യം വാങ്ങാനെത്തുന്നവരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്.
നാളുകൾക്ക് ശേഷം ആദ്യമായാണ് കല്ലൻ കണവ ഇത്രയധികം ലഭിക്കുന്നത്. 25,000 രൂപയ്ക്ക് മുകളിലാണ് മത്സ്യത്തൊഴിലാളികൾ കല്ലൻ കണവയുടെ ലേലം തുടങ്ങിയത്. ജില്ലയിലെ മറ്റ് തുറകളിൽ കടൽക്ഷോഭത്തെ തുടർന്ന് മത്സ്യബന്ധനം നടക്കാത്തതിനാൽ എല്ലാ വള്ളക്കാരും വിഴിഞ്ഞത്താണ് മത്സ്യബന്ധനത്തിനെത്തുന്നത്.