തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിനെതിരെ സമരം നടത്തുന്ന മത്സ്യത്തൊഴിലാളികള്‍ തിരുവോണ ദിനമായ ഇന്ന് നിരാഹാര സമരത്തില്‍. മത്സ്യത്തൊഴിലാളികളെ സര്‍ക്കാര്‍ വഞ്ചിച്ചെന്ന് ആരോപിച്ചാണ് നിരാഹാര സമരം നടത്തുന്നത്. തുറമുഖ കവാടത്തിലെ സമര പന്തലില്‍ ഒഴിഞ്ഞ വാഴയിലകള്‍ നിരത്തി നിരാഹാര സദ്യ നടത്തിയാണ് പ്രതിഷേധം.
സമരത്തിന് നേതൃത്വം നല്‍കുന്ന ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ വൈദികരുടെ ഉപവാസ സമരം നടക്കുന്നുണ്ട്. ഇതിന് പുറമേയാണ് തിരുവോണ ദിനത്തിലെ നിരാഹാര സമരം. വിഴിഞ്ഞത്തെ തുറമുഖ നിര്‍മാണത്തിനെതിരെ കഴിഞ്ഞ 24 ദിവസമായി മത്സ്യത്തൊഴിലാളികള്‍ സമരം ചെയ്യുകയാണ്.
പൂന്തുറയില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളാണ് ഇന്ന് പ്രതിഷേധിക്കുന്നത്. പ്രതിഷേധക്കാരുമായി മുഖ്യമന്ത്രിയും മന്ത്രിസഭ ഉപസമിതിയും നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ പ്രശ്‌ന പരിഹാരമുണ്ടായില്ല. തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് തീരശോഷണം സംബന്ധിച്ച് പഠനം വേണമെന്ന പ്രതിഷേധക്കാരുടെ ആവശ്യത്തിലാണ് ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നത്.
നിര്‍മാണ പ്രവര്‍ത്തനം നിര്‍ത്തി വയ്ക്കാനാവില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ മുഴുവന്‍ തീരമേഖലകളിലേക്കും സമരം വ്യാപിപ്പിക്കാനാണ് ലത്തീന്‍ സഭയുടെ നീക്കം. സമരം വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇന്നലെ തീരദേശ സംഘടനകളുമായി ലത്തീന്‍ അതിരൂപത ചര്‍ച്ച നടത്തിയിരുന്നു.
Also read: വിഴിഞ്ഞം തുറമുഖ സമരം: സർക്കാർ നടത്തിയ ചർച്ച പരാജയം