തിരുവനന്തപുരം: മത്സ്യത്തിന് ന്യായവില കിട്ടാത്തതാണ് മത്സ്യ ബന്ധനം നിർത്താൻ കാരണമെന്ന് തൊഴിലാളികൾ. ലോക്ക് ഡൗണിന്‍റെ ഭാഗമായി നിലവിലെ ലേല സമ്പ്രദായം ഒഴിവാക്കി മത്സ്യഫെഡ് നിശ്ചയിക്കുന്ന വിലക്ക് മത്സ്യം വിൽക്കുന്നത് തൊഴിലാളികൾക്ക് നഷ്ടമാണെന്ന് ആരോപിച്ചാണ് മത്സ്യ ബന്ധനം നിർത്തിയത്. സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്ന പദ്ധതി പ്രകാരം മത്സ്യത്തിന് ന്യായവില ലഭിക്കുന്നില്ല എന്നാണ് മത്സ്യത്തൊഴിലാളികൾ പ്രധാനമായും ആരോപിക്കുന്നത്.
അതേ സമയം പുലർച്ചെ തുടങ്ങുന്ന മത്സ്യ ലേലത്തിൽ അനിയന്ത്രിമായ ആൾക്കൂട്ടം കണ്ടതിനെ തുടർന്നാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിക്കാൻ കാരണം. രണ്ടു ദിവസം മുമ്പ് മത്സ്യ ലേലവുമായി ബന്ധപ്പെട്ട് വിഴിഞ്ഞത്ത് സംഘർഷം നടന്നിരുന്നു. മത്സ്യത്തിന് ന്യായമായ വിലയും ലേല തൊഴിലാളികൾക്ക് തൊഴിൽ നഷ്‌ട്ട പരിഹാരവും കണക്കാക്കാതെയുള്ള സർക്കാർ നടപടി പുനഃപരിശോധിക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം.