തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ സ്വപ്‌ന പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് കപ്പല്‍ അടുക്കാന്‍ ഇനിയും കാത്തിരിക്കണം. തുറമുഖ നിര്‍മാണം വൈകുന്നതാണ് കാരണം. നിര്‍മാണം എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് നോട്ടീസ് നല്‍കി. എന്നാല്‍ കരാര്‍ കാലാവധി നീട്ടി നല്‍കണമെന്നാണ് അദാനി ഗ്രൂപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്. തുറമുഖ നിർമാണം പൂർത്തിയാകാൻ ഒരു വർഷം കൂടി വേണമെന്നാണ് കമ്പനി ആവശ്യം.
2015 ഡിസംബര്‍ അഞ്ചിനാണ് അദാനി ഗ്രൂപ്പ് കരാര്‍ പ്രകാരം തുറമുഖത്തിന്‍റെ നിര്‍മാണം ആരംഭിച്ചത്. നാല് വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാര്‍. ആയിരം ദിവസത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി തുറമുഖം യാഥാര്‍ഥ്യമാക്കുമെന്നായിരുന്നു അദാനി ഗ്രൂപ്പിന്‍റെ പ്രഖ്യാപനം.
എന്നാല്‍ 2019 ഡിസംബര്‍ അഞ്ചാകുമ്പോള്‍ പ്രഖ്യാപനങ്ങള്‍ ഒന്നും നടപ്പിലായില്ല. കരാറില്‍ പറഞ്ഞ പ്രകാരം നാല് വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്തു. 2020 ഡിസംബറോടെ നിര്‍മാണം പൂര്‍ത്തിയാക്കാമെന്നാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ പറയുന്നത്. ഇക്കാര്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമൊന്നും ആയിട്ടില്ല.
കമ്പനിയും സര്‍ക്കാരും തമ്മിലുള്ള കരാര്‍ പ്രകാരം സമയബന്ധിതമായി നടപ്പാലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടി വരും. നാല്പ്പത് വര്‍ഷമാണ് പദ്ധതിക്കായി അദാനി ഗ്രൂപ്പിന് കരാര്‍ നല്‍കിയത്. ആദ്യ നാല് വര്‍ഷം നിര്‍മ്മാണത്തിനാണ്. നാല് വര്‍ഷം കഴിഞ്ഞ് ഒമ്പത് മാസം കൂടി മാസം കൂടി നിര്‍മാണം നീട്ടാം. അതിനുശേഷമാണ് നഷ്ടപരിഹാരം നല്‍കേണ്ടി വരിക. ഇതുസംബന്ധിച്ച അന്തിമ തീരുമാനം സര്‍ക്കാരാകും കൈക്കൊള്ളുക.
7700 കോടിയുടെ പൊതു- സ്വകാര്യ കരാറാണ് വിഴിഞ്ഞം തുറമുഖത്തിനായി ഒപ്പിട്ടിരിക്കുന്നത്. തുറമുഖത്തിന്‍റെ നിര്‍മാണം അവസാനഘട്ടത്തിലാണെന്നാണ് അദാനി ഗ്രൂപ്പ് പറയുന്നത്. പുലിമുട്ട് നിര്‍മാണത്തിനുള്ള പാറയ്ക്കുള്ള ക്ഷാമമാണ് ഇപ്പോഴത്തെ നിര്‍മാണത്തിനുള്ള പ്രതിസന്ധിയെന്നാണ് കമ്പനിയുടെ വിശദീകരണം. ഓഖി ചുഴികാറ്റിന്‍റെ സമയത്ത് തുറമുഖ നിര്‍മാണം തടസപെട്ടതിനാല്‍ നിര്‍മാണത്തിന് 16 മാസം കൂടി അനുവദിക്കണമെന്ന അദാനി ഗ്രൂപ്പിന്റെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ നേരത്തെ തള്ളിയിരുന്നു. കാലാവധി കഴിഞ്ഞതിനാല്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ അദാനി ഗ്രൂപ്പിനോട് ആവശ്യപ്പെടുകയായിരുന്നു.