കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മ പുതുക്കി ഇന്ന് വിഷു. മനസില്‍ കൊന്നപ്പൂ തിളക്കവുമായി ഐശ്വര്യത്തിന്‍റെ നല്ല നാളുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് മലയാളികള്‍. കണിയൊരുക്കിയും കൈനീട്ടം നല്‍കിയും പുതു വസ്‌ത്രങ്ങള്‍ അണിഞ്ഞും സമൃദ്ധമായ സദ്യയൊരുക്കിയും ആഘോഷത്തിലാണ് മലയാള നാട്.
കൊന്നപ്പൂവും കൃഷ്‌ണ വിഗ്രഹവും കണിവെള്ളരിയും നാളികേരവും മറ്റ് ഫലമൂലാദികളും കൊണ്ട് സമ്പന്നമായ വിഷുക്കണി കണ്ടുകൊണ്ടാണ് വിഷുപ്പുലരിയെ വരവേല്‍ക്കുന്നത്. വരുന്ന വര്‍ഷത്തെ ഫലം വിഷുക്കണിയെ ആശ്രയിച്ചിരിക്കുമെന്നാണ് വിശ്വാസം. കാര്‍ഷിക സമൃദ്ധിയുടെ ഓര്‍മപ്പെടുത്തലായി ഓട്ടുരുളിയില്‍ ഒരുക്കുന്ന വിഷുക്കണി കണ്ടുകഴിഞ്ഞാല്‍ പിന്നെ കൈനീട്ടമാണ്. കുടുംബത്തിലെ മുതിര്‍ന്നവരില്‍ നിന്ന് ലഭിക്കുന്ന കൈനീട്ടം യഥാര്‍ഥത്തില്‍ അവരുടെ അനുഗ്രഹം കൂടിയാണ്.
പിന്നീടങ്ങോട്ട് ആഘോഷം തുടങ്ങുകയായി. വിഷുക്കോടി അണിഞ്ഞും പടക്കം പൊട്ടിച്ചും ആഘോഷം അതിന്‍റെ കൊടുമുടി കയറും. ഉച്ചയ്‌ക്ക് വിഭവ സമൃദ്ധമായ സദ്യ. പ്രിയപ്പെട്ടവരുമായി ഒത്തു കൂടുന്നതും വിഷു ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും.
ഓണം കഴിഞ്ഞാല്‍ മലയാളിയുടെ ഏറ്റവും വലിയ ആഘോഷമാണ് വിഷു. മലയാള മണ്ണിന്‍റെ വിളവെടുപ്പ് ഉത്സവം. മേടമാസം ഒന്നിനാണ് വിഷു ആഘോഷിക്കുന്നത്. വിഷുവുമായി ബന്ധപ്പെട്ട് ഐതിഹ്യങ്ങളും നിരവധിയുണ്ട്. ഒപ്പം വ്യത്യസ്‌തമായ ആചാര അനുഷ്‌ഠാനങ്ങളും. വിഷു ദിനത്തില്‍ കേരളത്തിലെ വിവിധ ക്ഷേത്രങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ഉണ്ടാകും.