തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്‌ത്രീധനത്തിന്‍റെ പേരിൽ അതിക്രമം. തിരുവനന്തപുരം തിരുവല്ലത്ത് സ്ത്രീധന തുക ആവശ്യപ്പെട്ട് യുവതിക്ക് ഭർതൃപീഡനമെന്ന് പരാതി. വെങ്ങാനൂർ സ്വദേശിനിയും രണ്ടു കുട്ടികളുടെ അമ്മയുമായ ഗായത്രിയാണ് ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
സംഭവത്തിൽ തിരുവല്ലം പൊലീസ് കേസെടുത്തുവെങ്കിലും പ്രതിക്ക് രക്ഷപ്പെടാനുള്ള രീതിയിൽ മൊഴി രേഖപ്പെടുത്തിയതായും ആരോപണമുണ്ട്. കേസെടുത്തതല്ലാതെ പ്രതിയെ പിടികൂടുന്നത് അടക്കമുള്ള തുടർനടപടി ഇല്ലെന്ന് പരാതിയിൽ പറയുന്നു.
2019 മെയ് മൂന്നിനായിരുന്നു ഗായത്രിയുടെയും തിരുവല്ലം സ്വദേശി അരവിന്ദിൻ്റെയും വിവാഹം. എന്നാൽ രക്ഷിതാക്കളുടെ പ്രേരണയാൽ സ്ത്രീധന തുക ആവശ്യപ്പെട്ട് ഭർത്താവ് മർദിക്കുന്നത് പതിവായിരുന്നുവെന്നാണ് ഗായത്രിയുടെ പരാതി.
ALSO READ: സ്ത്രീധനം നൽകിയുള്ള വിവാഹങ്ങളെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
രണ്ടു ലക്ഷം രൂപയും വീടിന്‍റെ പകുതി അവകാശവും കൂടി നൽകണമെന്നാണ് ഭർതൃവീട്ടുകാരുടെ ആവശ്യം. ഇതനുസരിച്ച് വിവാഹ സമയം 50 പവൻ സ്വർണാഭരണവും രണ്ട് ലക്ഷം രൂപയും ഒന്നരലക്ഷം രൂപയുടെ ഗൃഹോപകരണങ്ങളും നൽകിയിരുന്നതായി പറയുന്നു. എന്നാൽ പരാതി അനുസരിച്ചുള്ള കാര്യങ്ങളൊന്നും മൊഴിയായി രേഖപ്പെടുത്തിയില്ലെന്നാണ് യുവതിയുടെ പരാതി. ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർക്ക് നൽകിയ പരാതിയിലാണ് തിരുവല്ലം പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തത്.