തിരുവനന്തപുരം : ആറ്റിങ്ങലില്‍ മത്സ്യത്തൊഴിലാളിയായ സ്‌ത്രീ കച്ചവടത്തിന് കൊണ്ടുന്ന മീന്‍ നഗരസഭ ജീവനക്കാര്‍ വലിച്ചെറിഞ്ഞ സംഭവത്തില്‍ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കൊവിഡ് നിയന്ത്രണങ്ങള്‍ കയ്യൂക്ക് കാണിച്ച് നടപ്പാക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ടോയെന്ന് എം.വിന്‍സെന്‍റ് നിയമസഭയില്‍ ഉന്നയിച്ചെങ്കിലും മന്ത്രി വീണ ജോര്‍ജ് മറുപടി പറഞ്ഞില്ല.
മന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ്
തുടര്‍ന്ന്, ആരോഗ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. ചട്ടം 300 പ്രകാരം കൊവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച് നിയമസഭയിൽ പ്രസ്‌താവന നടത്തിയത് ആരോഗ്യ മന്ത്രിയാണ്. അതുകൊണ്ടുതന്നെ വീണ ജോര്‍ജ് മറുപടി പറയണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
സഭയ്‌ക്ക് പുറത്തുനടത്തിയ വാര്‍ത്താസമ്മേളനത്തിലും പ്രതിപക്ഷ നേതാവ് സര്‍ക്കാരിനെ കുറ്റപ്പെടുത്തി. ആക്രമണം തെറ്റാണെന്ന് പറയാൻ പോലും സർക്കാർ തയ്യാറാകുന്നില്ല.
അതിക്രമത്തെക്കുറിച്ച് ചോദിച്ചപ്പോൾ വാക്‌സിനേഷനെ ക്കുറിച്ചാണ് ആരോഗ്യമന്ത്രി മറുപടി പറഞ്ഞത്. ദുർബലരായ ജനങ്ങളുടെ മെക്കിട്ടുകയറുകയാണ്. മനുഷ്യത്വം മുഴുവൻ നശിച്ച സർക്കാറാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിഷയം തൊടാതെ ആരോഗ്യ മന്ത്രി
എം.വിന്‍സെന്‍റിനുശേഷം സഭയില്‍ ചോദ്യം ചോദിച്ച, മാത്യു കുഴൽനാടനും വിമര്‍ശനം ഉന്നയിച്ചു. എന്നാല്‍, ആറ്റിങ്ങല്‍ നഗരസഭ പരിധിയില്‍ അവനവഞ്ചേരിയില്‍ റോഡരികില്‍ മത്സ്യം വിറ്റിരുന്ന തൊഴിലാളിയുടെ മീന്‍ നഗരസഭാ ജീവനക്കാര്‍ റോഡിലേക്ക് വലിച്ചെറിഞ്ഞ സംഭവത്തില്‍ മന്ത്രി മറുപടി പറഞ്ഞില്ല.
മത്സ്യത്തൊഴിലാളികളുടെ ജീവനും ജീവനോപാധിയും സംരക്ഷിക്കാനാണ് സർക്കാർ ശ്രമമെന്നും മത്സ്യ ബന്ധന മേഖലയിൽ പ്രത്യേക വാക്‌സിന്‍ ഡ്രൈവ് നടത്തുമെന്നുമാണ് മന്ത്രിസഭയില്‍ പ്രതിപക്ഷ ചോദ്യത്തിന് മറുപടി നൽകിയത്.
ALSO READ: ആറ്റിങ്ങലില്‍ മത്സ്യവില്‍പ്പനക്കാരിക്കു നേരെ നഗരസഭ ജീവനക്കാരുടെ അതിക്രമം