തിരുവനന്തപുരം: 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വിന്‍സി അലോഷ്യസാണ് മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത്. 'രേഖ' എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം ലഭിച്ചത്. ചിത്രത്തിന്‍റെ ടൈറ്റില്‍ കഥാപാത്രമായ രേഖയെ അവതരിപ്പിച്ചിരിക്കുന്നത് വിന്‍സി അലോഷ്യസാണ്.
ഒരു ലക്ഷം രൂപയും പ്രശസ്‌തി പത്രവുമാണ് സമ്മാനം. കാസർകോട് ഗ്രാമത്തിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമായിരുന്നു 'രേഖ'. സസ്‌പെന്‍സ് ത്രില്ലര്‍ ചിത്രമായാണ് രേഖ പ്രേക്ഷകരിലെത്തിയത്. ജിതിന്‍ ഐസക്ക് തോമസാണ് ചിത്രത്തിന്‍റെ സംവിധാനം.
തമിഴിലെ പ്രശസ്‌ത സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്‌സാണ് ചിത്രം അവതരിപ്പിച്ചത്. ഉണ്ണി ലാലുവുവായിരുന്നു ചിത്രത്തില്‍ നായകനായി എത്തിയത്. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ കെഎസ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.
ചുവട് വയ്‌പ്പ് റിയാലിറ്റി ഷോയിലൂടെ: 2018ല്‍ മലയാളത്തിലെ ഒരു സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ടാലന്‍റ് ഹണ്ട് ഷോയിലെ ഫൈനലിസ്‌റ്റായിരുന്നു വിന്‍സി. 2019ല്‍ പുറത്തിറങ്ങിയ മലയാളം കോമഡി-ഡ്രാമ ചിത്രമായ വികൃതിയാണ് വിന്‍സിയുടെ ആദ്യ സിനിമ. സൗബിന്‍ ഷാഹിറിനൊപ്പമായിരുന്നു വിന്‍സി ചിത്രത്തില്‍ വേഷമിട്ടത്.
കനകം കാമിനി കലഹം, ഭീമന്‍റെ വഴി, ജനഗണമന എന്നിവയിൽ നിരൂപക പ്രശംസ നേടിയ സുപ്രധാന വേഷങ്ങളിലും വിൻസി അഭിനയിച്ചു. മഞ്ജു വാര്യര്‍ക്കൊപ്പം പരസ്യ ചിത്രത്തിലും അഭിനയിച്ചിരുന്നു. തുടര്‍ന്ന് ഒരു ഡാന്‍സ് റിയാലിറ്റി ഷോയില്‍ അവതാരകയായും എത്തിയിരുന്നു.
മികച്ച നടന്‍ മമ്മൂട്ടി: അതേസമയം, മമ്മൂട്ടിയെയാണ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നൻപകൽ നേരത്ത് മയക്ക'ത്തിലൂടെ തന്‍റെ അഭിനയ കരിയറിലെ എട്ടാമത് സംസ്ഥാന പുരസ്‌കാരമാണ് മമ്മൂട്ടി എന്ന അതുല്യ പ്രതിഭ സ്വന്തമാക്കിയത്. 'നൻപകൽ നേരത്ത് മയക്കം' എന്ന ചിത്രത്തില്‍ ജെയിംസായും സുന്ദരമായും പകർന്നാടി സിനിമ പ്രേമികളെ വിസ്‌മയിപ്പിക്കാന്‍ മമ്മൂട്ടിയെന്ന അസാധ്യ നടനായി.
'നൻപകലിന്' പുറമെ പുഴു, റോഷാക്ക് എന്നീ സിനിമകലെ അഭിനയത്തിലും മമ്മൂട്ടി മികവാര്‍ന്ന പ്രകടനമാണ് കാഴ്‌ച വച്ചത്. ഇക്കഴിഞ്ഞ കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ വന്‍തോതില്‍ സ്വീകരിക്കപ്പെട്ട നല്‍പകലിന് തിയേറ്ററുകളിലും വന്‍ വരവേല്‍പ്പ് ലഭിച്ചിരുന്നു. പിന്നാലെ, ഒടിടിയില്‍ എത്തിയ ചിത്രം ആഗോള തലത്തില്‍ പല ഭാഷകളിലുള്ള ആളുകളുടേയും മനംകവര്‍ന്നു.
'നന്‍ പകല്‍ നേരത്ത് മയക്കം' മികച്ച ചിത്രം: ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‌ത 'നന്‍ പകല്‍ നേരത്ത് മയക്ക'മാണ് മികച്ച ചിത്രം. അറിയിപ്പിലെ സംവിധാനത്തിന് മഹേഷ് നാരായണനെയാണ് മികച്ച സംവിധായകനായി തെരഞ്ഞെടുത്തത്. അടിത്തട്ടാണ് മികച്ച രണ്ടാമത്തെ ചിത്രം.
തിരുവനന്തപുരത്ത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ബംഗാളി സംവിധായകന്‍ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് ചിത്രങ്ങള്‍ വിലയിരുത്തിയത്. 154 സിനിമകളാണ് ആദ്യ ഘട്ടത്തിൽ പരിഗണിച്ചിരുന്നത്. രണ്ടാം ഘട്ടത്തിൽ 44 സിനിമകൾ മത്സരിച്ചു.