തിരുവനന്തപുരം: പാണക്കാട് തറവാട്ടില്‍ കോണ്‍ഗ്രസ് നേതാക്കളെത്തിയതിനെ വിമര്‍ശിച്ച സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍റെ പ്രസ്താവനയില്‍ സിപിഎമ്മില്‍ അതൃപ്‌തി. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ അഭിപ്രായ പ്രകടനങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയർന്നു. ഘടകക്ഷിയുടെ പ്രസിഡന്‍റിനെ കണ്ടത് മറ്റൊരു തരത്തില്‍ ചിത്രീകരിക്കാന്‍ പാടില്ലായിരുന്നു. അത്തരം പ്രസ്‌താവനകൾ സിപിഎമ്മുമായി അടുത്തുകൊണ്ടിരിക്കുന്ന മുസ്ലീം വിഭാഗത്തെ എതിര്‍ചേരിയില്‍ എത്തിക്കാന്‍ കാരണമാകുമെന്നാണ് വിമര്‍ശനം.
ജമാഅത്ത് ഇസ്ലാമിയുമായുള്ള ബന്ധത്തെ ചൂണ്ടിക്കാട്ടിയായിരുന്നു തന്‍റെ വിമര്‍ശനമെന്നായിരുന്നു വിജയരാഘവന്‍റെ വിശദീകരണം. താൻ പറഞ്ഞത് മറ്റൊരു തരത്തിലാക്കിയാണ് വാര്‍ത്തകള്‍ പുറത്തുവന്നതെന്നും ഇതാണ് തെറ്റിദ്ധാരണയുണ്ടാക്കിയതെന്നും വിജയരാഘവന്‍ പറഞ്ഞു.
മുസ്ലീം ലീഗിനെയും ജമാഅത്തിനെയും വേര്‍തിരിച്ച് അഭിപ്രായം പറയണമായിരുന്നെന്ന് സെക്രട്ടേറിയറ്റ് ചൂണ്ടിക്കാട്ടി. മുസ്ലീം ലീഗും ജമാഅത്തെ ഇസ്‌ലാമിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പറയുമ്പോള്‍ കൃത്യമായി പറയണമെന്ന് വിജയരാഘവനോട് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
മതാധിഷ്ടിത പാര്‍ട്ടികളുമായി അടുത്ത് കോൺഗ്രസ് ന്യൂനപക്ഷ വര്‍ഗീയതയുമായി കൂട്ട് കൂടുകയാണെന്നും, ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പാണക്കാടെത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടത് മതസംഘടനകളുമായുള്ള കൂട്ടുകെട്ട് കൂടുതല്‍ ശക്തിപ്പെടുത്തുകയാണന്നതിന്‍റെ ഭാഗമായിട്ടാണെന്നുമായിരുന്നു വിജയരാഘവന്‍ നടത്തിയ പരാമര്‍ശം.
പ്രതിപക്ഷം ഇത് വലിയ രീതിയില്‍ ആയുധമാക്കിയിരുന്നു. ഘടകകക്ഷി നേതാക്കള്‍ മറ്റൊരു ഘടക കക്ഷിയുടെ നേതാവിനെ കാണുന്നതില്‍ തെറ്റെന്താണ് ചോദ്യം അടക്കം കോണ്‍ഗ്രസ് ഉയര്‍ത്തിക്കൊണ്ടുവന്നു. ഇത് രാഷ്ട്രീയ പരമായ തിരിച്ചടിയുണ്ടാക്കി എന്ന തിരിച്ചറിവിലാണ് സിപിഎമ്മിന്‍റെ സംസ്ഥാന സെക്രട്ടേറിയറ്റ് വിവാദവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്.