തിരുവനന്തപുരം: ഇ. ശ്രീധരന്‍റെ ബിജെപി പ്രവേശനം ഉയർത്തിക്കാട്ടി ബിജെപി വിജയ് യാത്രയുടെ സമാപന സമ്മേളനം. ബിജെപിയിലേക്കുള്ള ശ്രീധരന്‍റെ വരവ് എൽഡിഎഫിനെയും യുഡിഎഫിനെയും അമ്പരിപ്പിച്ചെന്ന് കെ. സുരേന്ദ്രൻ പറഞ്ഞു. കേരളത്തെ രക്ഷിക്കാൻ ബിജെപിക്കേ കഴിയൂ എന്നതിന്‍റെ തെളിവാണ് ശ്രീധരന്‍റെ വരവ്. കേരള സര്‍ക്കാര്‍ നിർമിച്ച പാലം ഒന്നര വർഷം കൊണ്ട് പൊളിഞ്ഞു വീണു. ഇ. ശ്രീധരനെ പാലം നിര്‍മാണം ഏൽപ്പിച്ചപ്പോൾ നേരത്തെ പണികൾ പൂർത്തിയാക്കി നൽകിയെന്നും സുരേന്ദ്രൻ കൂട്ടിചേർത്തു.
കേരളം കൊവിഡ് രോഗികളുടെ എണ്ണത്തിലും തൊഴിലില്ലായ്‌മയിലും ലൗ ജിഹാദിലും സ്‌ത്രീകൾക്കും ആദിവാസികൾക്കുമെതിരെയുള്ള അക്രമങ്ങളിലും നമ്പർ വൺ ആണെന്ന് സുരേന്ദ്രൻ പറഞ്ഞു. ഏറ്റവും കൂടുതൽ ആളുകൾ ഐഎസ്ഐഎസില്‍ ചേരുന്നത് കേരളത്തിൽ നിന്നാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കേരളത്തിലെ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് മാറ്റം വരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ലോകം അംഗീകരിക്കുന്ന വികസന മാതൃകയാണ്. കേരളത്തിന്‍റെ അവസ്ഥക്ക് മോദി ഭരണമാണ് പ്രതിവിധിയെന്നും സുരേന്ദ്രൻ പറഞ്ഞു. പുതിയ കേരളം മോദിയോടൊപ്പമുള്ള ഭരണം ആഗ്രഹിക്കുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിചേർത്തു. അതേസമയം, വിജയ് യാത്രയുടെ സമാപന സമ്മേളനത്തിൽ വച്ച് നടൻ ദേവന്‍റെ പാർട്ടിയായ കേരള പീപ്പിൾസ് പാർട്ടി ബിജെപിയിൽ ലയിച്ചു.