തിരുവനന്തപുരം: സംസ്ഥാനത്തെ ആർടി ഓഫിസുകളിൽ വിജിലൻസിന്‍റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ ജാസൂസ്' എന്ന പേരിൽ ഇന്നലെ(02.09.2022) വൈകിട്ട് 3.30 മുതലാണ് പരിശോധന ആരംഭിച്ചത്. ഏജന്‍റുമാർ മുഖേന മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വ്യാപകമായി കൈക്കൂലി വാങ്ങുന്നുണ്ടെന്ന രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാനത്താകെ 53 ആർടിഒ/ജെആർടിഒ ഓഫിസുകളിലാണ് മിന്നൽ പരിശോധന നടന്നത്.
കോട്ടയം ആർടി ഓഫിസിൽ ഏജന്‍റുമാർ ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി 1,20,000 രൂപ നൽകിയതായി കണ്ടെത്തി. അടിമാലി ആർടി ഓഫിസിൽ 97,000 നൽകിയതായും ചങ്ങനാശ്ശേരി ആർടി ഓഫിസിൽ 72,200 രൂപയും കാഞ്ഞിരപ്പള്ളി ആർടി ഓഫിസിൽ 15,790 രൂപയും ഉദ്യോഗസ്ഥർക്ക് ഗൂഗിൾ പേ വഴി നൽകിയതായി കണ്ടെത്തി. നെടുമങ്ങാട് ആട്ടോ കൺസൾട്ടൻസി ഓഫിസിൽ നിന്നും 1,50,000 രൂപയും, കൊണ്ടോട്ടി ആർടി ഓഫിസിലുണ്ടായിരുന്ന ഏജന്‍റിന്‍റെ കാറിൽ നിന്നും 1,06,205 രൂപയും പിടിച്ചെടുത്തു.
പരിശോധനയിൽ കണ്ടെത്തിയ ക്രമക്കേടുകൾ വിശദമായി പരിശോധിക്കുമെന്ന് വിജിലൻസ് മേധാവി മനോജ് എബ്രഹാം പറഞ്ഞു. അഴിമതി സംബന്ധിച്ച വിവരങ്ങൾ ജനങ്ങളുടെ ശ്രദ്ധയിൽ പെട്ടാൽ 8592900900 എന്ന നമ്പറിലോ 1064 എന്ന ടോൾഫ്രീ നമ്പറിലോ അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.