തിരുവനന്തപുരം: ഓപ്പറേഷന്‍ ഓവര്‍ലോഡ് 2ന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ 390 വാഹനങ്ങള്‍ക്ക് പിഴ ചുമത്തി. നിയമ ലംഘനം നടത്തിയ വാഹനങ്ങളില്‍ നിന്നായി 70 ലക്ഷത്തോളം രൂപയാണ് പിഴ ചുമത്തിയത്. കോട്ടയം കോഴയില്‍ സംഘം നടത്തിയ പരിശോധനക്കിടെ ലോറി ഡ്രൈവറുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന് പലപ്പോഴായി 3,43,000 കൈമാറിയതായും വിജിലന്‍സിന്‍റെ കണ്ടെത്തല്‍.
ഏജന്‍റുമാര്‍ മുഖേനയാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും മൈനിങ് ആന്‍റ് ജിയോളജി വകുപ്പ് ഉദ്യോഗസ്ഥരും കൈക്കൂലി വാങ്ങുന്നത്. വരും ദിവസങ്ങള്‍ തുടരുന്ന പരിശോധനയില്‍ നിന്നും ജീവനക്കാരുടെ അനധികൃത സ്വത്ത് സമ്പാദനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നാണ് വിജിലന്‍സിന്‍റെ പ്രതീക്ഷ.
വ്യാപക പരിശോധന: അമിതഭാരം കയറ്റി പോകുന്ന ട്രക്കുകള്‍, ലോറികള്‍, ടിപ്പറുകള്‍ എന്നിവയില്‍ വ്യാപക പരിശോധനയാണ് നടന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്നും നിരവധി വാഹനങ്ങളാണ് ദിവസവും അതിര്‍ത്തി കടന്നെത്തുന്നത്. ഇവയില്‍ ഭൂരിഭാഗവും ക്വാറി ഉത്പന്നങ്ങളാണ്. ഇവയില്‍ പലതിലും ജി എസ് ടി, ജിയോളജി പാസുകളോ മറ്റ് രേഖകളോ ഇല്ലാതെയാണ് അമിത ഭാരവുമായി സംസ്ഥാനത്തേക്ക് എത്തുന്നത്.
സംസ്ഥാനത്തിന് അകത്ത് നിന്നുമുള്ള ക്വാറികളില്‍ നിന്നും ഇത്തരത്തില്‍ അമിത ഭാരം കയറ്റി പോകുന്ന വാഹനങ്ങളുണ്ട്. ഇതിലൂടെ കോടികണക്കിന് രൂപയുടെ നികുതി വെട്ടിപ്പാണ് നടക്കുന്നത്. ഇത്തരത്തില്‍ നികുതി വെട്ടിപ്പ് നടത്തുന്നതിന് ഡ്രൈവര്‍മാരില്‍ നിന്ന് മോട്ടോര്‍ വാഹന വകുപ്പ്, പൊലീസ്, മൈനിങ് ആന്‍ഡ് ജിയോളജി, റവന്യൂ എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പണവും ആനുകൂല്യങ്ങളും കൈപറ്റുന്നുണ്ടെന്ന വിവരവും വിജിലന്‍സിന് ലഭിച്ചു.
ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേടില്‍ നിര്‍ണായക പങ്ക്: സംസ്ഥാനത്തെ കരിങ്കല്‍, ചെങ്കല്‍ ക്വാറികളില്‍ നിന്ന് ജി എസ് ടി നികുതി അടയ്ക്കാതെയും പെര്‍മിറ്റില്‍ കൂടുതല്‍ ഭാരം കയറ്റുന്നതായും വിജിലന്‍സിന് വിവരം ലഭിച്ചിട്ടുണ്ട്. ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്കും ക്രമക്കേടില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് വിജിലന്‍സിന്‍റെ കണ്ടെത്തല്‍. അമിത ഭാരം കയറ്റിയതിന് 240 വാഹനങ്ങള്‍ക്കും, മൈനിങ് ആന്‍റ് ജിയോളജി പാസില്ലാത്ത 104 വാഹനങ്ങള്‍ക്കും, ജി എസ് ടി വെട്ടിപ്പ് നടത്തിയ 46 വാഹനങ്ങള്‍ക്കുമാണ് പിഴ ചുമത്തിയത്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത് പത്തനംതിട്ടയിലാണ്. തിരുവനന്തപുരത്ത് 21, കൊല്ലത്ത് 19, പത്തനംതിട്ടയില്‍ 46, ആലപ്പുഴയില്‍ 22, കോട്ടയത്ത് 29, ഇടുക്കിയില്‍ 7, എറണാകുളത്ത് 41, പാലക്കാട് 29, തൃശൂരില്‍ 24, മലപ്പുറത്ത് 35, കോഴിക്കോട് 36, വയനാട് 22, കണ്ണൂരില്‍ 40, കാസര്‍ഗോഡ് 9 എന്നിങ്ങനെയാണ് വാഹനങ്ങള്‍ക്ക് പിഴ ചുമത്തിയത്.