തിരുവനന്തപുരം: കാരുണ്യ ലോട്ടറി ചികിത്സാ പദ്ധതിയിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ധനമന്ത്രിയായിരുന്ന കെ.എം. മാണിയും അഴിമതി നടത്തിയിട്ടില്ല എന്നുകാണിച്ച് വിജിലൻസ് സമർപ്പിച്ച റിപ്പോർട്ട് അംഗീകരിച്ച് കോടതി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതിയുടേതാണ് ഉത്തരവ്.
പദ്ധതി നടത്തിപ്പിലെ പോരായ്മകൾ വിജിലൻസ് കണ്ടിരുന്നു. എന്നാല്‍, അഴിമതി നടന്നതായി കണ്ടെത്തിയിട്ടില്ല. ക്ലീൻ ചിറ്റ് റിപ്പോർട്ടിനെതിരെ പരാതികാരൻ ആക്ഷേപം ഫയൽ ചെയ്തിരുന്നു. കാരുണ്യ പദ്ധതിയെ സംബന്ധിച്ച എ.ജി റിപ്പോർട്ടിൻ്റെ പകർപ്പ് വിളിച്ചു വരുത്തി വിജിലൻസ് കോടതി പരിശോധന നടത്തുകയായിരുന്നു.
കാരുണ്യ പദ്ധതിയിലൂടെ സർക്കാരിന് കോടികളുടെ വരുമാനം ലഭിച്ചിരുന്നു. എന്നാൽ, രോഗികൾക്ക് ഈ പ്രയോജനം ലഭിച്ചില്ല എന്നായിരുന്നു ഹർജിയിലെ പ്രധാന ആരോപണം. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, ധനമന്ത്രി കെ.എം. മാണി, മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാം, മുൻ ലോട്ടറി ഡയറക്ടർ എന്നിവരായിരുന്നു എതിർകക്ഷികൾ. ഉമ്മൻചാണ്ടി സർക്കാറിന്റെ സമയത്തായിരുന്ന ക്യാൻസർ രോഗികളെ ചികിൽസിക്കാനായി പദ്ധതി നടപ്പാക്കിയിരുന്നത്.
ഇലക്ഷൻ ഫലം വരുന്നതിന് മുൻപ് ഉമ്മൻചാണ്ടിയ്ക്കും കെ.എം.മാണിക്കും എതിരെയുള്ള ആരോപണത്തിന് ക്ലീൻ ചിറ്റ് നൽകിയ വിജിലൻസ് കോടതി നടപടി നേതാക്കൾക്ക് ആശ്വാസമായി. മലപ്പുറം സ്വദേശി കൃഷ്‌ണകുമാറാണ് വിജിലൻസ് കോടതിയിൽ സ്വകാര്യ ഹർജി നൽകിയിരുന്നത്.