തിരുവനന്തപുരം: കെ.സുധാകരനെതിരായ മുൻ ഡ്രൈവറുടെ പരാതിയിൽ വിശദമായ അന്വേഷണത്തിന് ശിപാര്‍ശ നല്‍കി വിജിലന്‍സ്. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന സുധാകരന്‍റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബുവിന്‍റെ പരാതിയിലാണ് വിശദമായ അന്വേഷണം വേണമെന്ന് വിജിലന്‍സ് സര്‍ക്കാരിന് ശിപാര്‍ശ നൽകിയിരിക്കുന്നത്.
പ്രശാന്ത് ബാബുവിന്‍റെ പരാതിയില്‍ പ്രാഥമിക അന്വേഷണം വിജിലന്‍സ് പൂര്‍ത്തിയാക്കി. അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിജിലന്‍സ് വിശദമായ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന് അനുമതി തേടി വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
കെ. കരുണാകരന്‍ ട്രസ്റ്റ്, കണ്ണൂര്‍ ഡിസിസി ഓഫിസ് നിര്‍മാണം എന്നിവയുമായി ബന്ധപ്പെട്ട് സുധാകരന്‍ അഴിമതി നടത്തിയെന്നാണ് പ്രകാശ് ബാബു പരാതി നല്‍കിയത്. വിദേശത്ത് നിന്നടക്കം കോടികള്‍ സുധാകരന്‍ പിരിച്ചെടുത്തതായും ഈ പണം ഉപയോഗിച്ച് അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നും പ്രശാന്ത് ബാബു പരാതിയിൽ ആരോപിക്കുന്നു.
ആരോപണങ്ങള്‍ തെളിയിക്കുന്നതിനുള്ള എല്ലാ രേഖകളും തന്‍റെ കൈവശമുണ്ടെന്നും പ്രശാന്ത് ബാബു വ്യക്തമാക്കിയിരുന്നു. മമ്പറം ദിവാകരന്‍ ഉള്‍പ്പെടെയുളള കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് തനിക്ക് തെളിവുകള്‍ കൈമാറിയതെന്നും പ്രശാന്ത് ബാബു അവകാശപ്പെട്ടിരുന്നു.
കെ.സുധാകരന്‍ കെപിസിസി അധ്യക്ഷനായി ചുമതലയേറ്റതിനു പിന്നാലെ ജൂണ്‍ ഏഴിനാണ് പ്രശാന്ത് ബാബു വിജിലന്‍സിന് പരാതി നല്‍കിയത്. തെളിവ് ശേഖരണത്തിന് വിശദമായ അന്വേഷണം വേണമെന്നാണ് വിജിലന്‍സ് നിലപാട്. കേസെടുത്തുള്ള അന്വേഷണത്തിന് നിയമതടസമുണ്ടോ എന്നറിയാന്‍ വിജിലന്‍സ് നിയമോപദേശം തേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമാണ് ഇനി വരാനുള്ളത്.
1987 മുതല്‍ 93 വരെ സുധാകരന്‍റെ ഡ്രൈവറായിരുന്നു പ്രശാന്ത് ബാബു. പിന്നീട് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്‍റായും നഗരസഭ കൗണ്‍സിലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.