തിരുവനന്തപുരം: സംസ്ഥാനത്തെ തെരഞ്ഞെടുത്ത വില്ലേജ് ഓഫിസുകളിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് വൻ ക്രമക്കേട്. രാജകീയ വൃക്ഷങ്ങളായ ഈട്ടി, തേക്ക്, മരുത് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ സൂക്ഷിക്കേണ്ട നമ്പർ- 7 രജിസ്റ്റർ പല ഓഫിസുകളിലും പരിപാലിക്കുന്നില്ലെന്ന് വിജിലൻസിന്‍റെ കണ്ടെത്തൽ. മുറിച്ചുമാറ്റുന്ന മരങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരങ്ങൾ വില്ലേജ് ഓഫിസുകൾ സൂക്ഷിക്കുന്നുണ്ടോ എന്നായിരുന്നു വിജിലൻസിൻ്റെ പരിശോധന.
അനധികൃതമായി മരം മുറിച്ചു കടത്തുന്ന സംഘങ്ങളെ സഹായിക്കുന്നതിനാണ് ക്രമക്കേട് നടത്തുന്നതെന്നാണ് വിജിലൻസിൻ്റെ വിലയിരുത്തൽ. ഓപ്പറേഷൻ നമ്പർ - 7 എന്നപേരിൽ സംസ്ഥാനത്തെ 71 വില്ലേജ് ഓഫിസുകളിലാണ് വിജിലൻസ് മിന്നൽ പരിശോധന നടത്തിയത്.
അപാകതകൾ സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്ന് വിജിലൻസ് ഡയറക്‌ടർ സുദേഷ് കുമാർ ഐപിഎസ് വ്യക്തമാക്കി. ക്രമക്കേടിന് ചുക്കാൻ പിടിച്ച ഉദ്യോഗസ്ഥരെ പറ്റി അന്വേഷണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.
പരിശോധിച്ചത് ഇവ
1. പട്ടയ ഉടമകൾ നൽകുന്ന അപേക്ഷകളിൽ മുറിച്ചു മാറ്റാനുള്ള മരങ്ങളുടെ ഇനം രേഖപ്പെടുത്തിയിട്ടുണ്ടോ? ഈ വിവരങ്ങൾ വില്ലേജ് ഓഫിസുകളിൽ നിന്ന് നൽകിയിട്ടുള്ള കൈവശാവകാശ സർട്ടിഫിക്കറ്റുകളിൽ രേഖപ്പെടുത്തിയിട്ടുണ്ടോ?
2. മരം മുറിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ലൊക്കേഷൻ സ്കെച്ച് വില്ലേജ് ഓഫിസർമാർ തയാറാക്കാറുണ്ടോ?
3. മരം മുറിക്കുന്നതിനുള്ള അപേക്ഷ ഹാജരാക്കുന്നയാൾ ഡിക്ലറേഷൻ ഫോം ഹാജരാക്കാറുണ്ടോ?
4. ഡിക്ലറേഷൻ ഫോം പ്രകാരം ഭൂമിയുടെ ഇനം വ്യക്തമാക്കുന്നതിനായുള്ള അപേക്ഷകൾ വനംവകുപ്പ് പരിശോധിച്ചിട്ടുണ്ടോ?
5. ഓരോ വില്ലേജ് അതിർത്തിയിൽ നിന്നും നാളിതുവരെ മുറിച്ചുമാറ്റിയ രാജകീയ വൃക്ഷങ്ങളെ സംബന്ധിച്ച വിവരങ്ങൾ വില്ലേജ് ഓഫിസിൽ ലഭ്യമാണോ?
കണ്ടെത്തിയത് ഇവ
1. കോഴിക്കോട് ജില്ലയിലെ കോവിലംപാറ, മരുതോങ്കര, എറണാകുളം ജില്ലയിലെ നേര്യമംഗലം, മഞ്ഞപ്ര, വയനാട് ജില്ലയിലെ അമ്പലവയൽ, കൃഷ്ണഗിരി, ആലപ്പുഴ ജില്ലയിലെ താമരക്കുളം, പാലമേൽ, കണ്ണൂർ ജില്ലയിലെ ആറളം, അയ്യം കുന്ന്, കണ്ണവം, തൃശൂർ ജില്ലയിലെ ഏലനാട്, ചേലക്കര, പരയാളം, ഇലഞ്ഞിപ്പാറ എന്നീ വില്ലേജ് ഓഫിസുകളിൽ നമ്പർ-7 രജിസ്റ്റർ പരിപാലിക്കുന്നില്ല.
2. കോഴിക്കോട് ജില്ലയിലെ കോവിലമ്പാറ, മരുതോങ്കര, ചക്കിട്ടപ്പാറ, വയനാട് ജില്ലയിലെ അമ്പലവയൽ, മുട്ടിൽ സൗത്ത്,തൃക്കൈപ്പട്ട, ആലപ്പുഴ ജില്ലയിലെ പാലമേൽ, തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാട്, കൊല്ലം ജില്ലയിലെ പുന്നല, കുളത്തൂപ്പുഴ ,തെന്മല, തിങ്കൾകരിക്കം എന്നീ വില്ലേജുകളിൽ പട്ടയം രജിസ്റ്റർ പരിപാലിക്കുന്നില്ല.
3. തിരുവനന്തപുരം ജില്ലയിലെ വിതുര വില്ലേജ് ഓഫിസിൽ നമ്പർ -7 രജിസ്റ്റർ ആരംഭിച്ചത് ഏപ്രിൽ മാസത്തിൽ മാത്രം. അതിനുമുമ്പ് മുറിച്ചുമാറ്റിയ മരങ്ങളുടെ രേഖകളില്ല. ആര്യനാട് വില്ലേജ് ഓഫിസിൽ പട്ടയ രജിസ്റ്ററിൽ ഭൂമിയെ സംബന്ധിച്ച വിവരങ്ങളില്ല. ഇവിടുത്തെ ഒട്ടുമിക്ക രജിസ്റ്ററുകളിലും അധികാരപ്പെട്ട ഉദ്യോഗസ്ഥരോ തഹസിൽദാരോ പരിശോധിക്കുകയോ സാക്ഷ്യപ്പെടുത്തുകയോ ചെയ്തിട്ടില്ല.
4. നമ്പർ -7 രജിസ്റ്റർ പരിപാലിക്കുന്ന ഓഫിസുകളിൽ മരം മുറിക്കുന്നതിനുള്ള വിവരങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. ഡിക്ലറേഷൻ ഫോം, ഭൂമിയുടെ തരം, മുറിക്കുന്ന മരം എന്നിവ സംബന്ധിച്ച രേഖകൾ ഒരു വില്ലേജ് ഓഫിസിലും ഇല്ല.