തിരുവനന്തപുരം: ജലനിധി പദ്ധതിയില്‍ വ്യാപക ക്രമക്കേടെന്ന് കണ്ടെത്തല്‍. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ ഡെല്‍റ്റ' എന്ന പേരില്‍ വിജിലന്‍സ് നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സിയുടെ(കെ ആര്‍ ഡബ്‌ള്യൂ എസ് എ)കീഴില്‍ നടപ്പിലാക്കുന്ന ജലനിധി പദ്ധതിയില്‍ ഗ്രാമീണ മേഖലയിലെ ശുദ്ധജല വിതരണത്തിലാണ് വ്യാപക ക്രമക്കേടെന്നാണ് കണ്ടെത്തല്‍.
കാസര്‍കോട് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ 7.5 കോടി രൂപയുടെ പദ്ധതികള്‍, മലപ്പുറം ചൊക്കാട് പഞ്ചായത്തിലെ അഞ്ച് കോടി രൂപയുടെ പദ്ധതി, വയനാട് തൊണ്ടര്‍നാട് പഞ്ചായത്തിലെ 2.45 കോടി രൂപയുടെ പദ്ധതി, കണ്ണൂര്‍ കുന്നോത്തിലെ 66 ലക്ഷം രൂപയുടെ പദ്ധതി, കോട്ടയം ഭരണങ്ങാനം പഞ്ചായത്തിലെ 41.30 ലക്ഷം രൂപയുടെ പദ്ധതി, വയനാട് പുല്‍പ്പള്ളി പഞ്ചായത്തിലെ 20 ലക്ഷം രൂപയുടെ പദ്ധതി എന്നീ പദ്ധതികള്‍ യാതൊരു തരത്തിലും ജനങ്ങള്‍ക്ക് ഉപയോഗപ്രദമല്ലെന്ന് വിജിലന്‍സ് കണ്ടെത്തി. കൂടാതെ ഇടുക്കിയിലെ വണ്ണാപുരം ഗ്രാമപഞ്ചായത്തിലെ 42 ലക്ഷം രൂപ അടങ്കല്‍ തുക പറഞ്ഞിരുന്ന ജലനിധി പദ്ധതിക്ക് 84 ലക്ഷം രൂപ ചിലവാക്കിയതായും വിജിലന്‍സ് പരിശോധനയില്‍ കണ്ടെത്തി. സംസ്ഥാനത്തെ എല്ലാ വിജിലന്‍സ് യൂണിറ്റുകളുടെയും പങ്കാളിത്തതിലാണ് ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്തുകള്‍ പദ്ധതി പ്രദേശങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്.
സാങ്കേതിക പരിശോധന നടത്താതെ അനുമതി: കരാര്‍ അടിസ്ഥാനത്തില്‍ കെ ആര്‍ ഡബ്‌ള്യൂ എസ് എ യിലെ എഞ്ചിനിയര്‍മാര്‍ വ്യക്തമായ സാങ്കേതിക പരിശോധന നടത്താതെയാണ് ജലസേചനത്തിനുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉള്‍പെടെ അനുമതി നല്‍കി വരുന്നതെന്ന് വിജിലന്‍സ് കണ്ടെത്തി. കരാറുകാരില്‍ നിന്നും ഉദ്യോഗസ്ഥര്‍ കൈക്കുലി വാങ്ങിയാണ് വ്യാപകമായ ക്രമക്കേട് നടന്നതെന്നും വിജിലന്‍സ് പരിശോധനയില്‍ വ്യക്തമായി. പൈപ്പ്ലൈനുകള്‍ക്കും പൊതുകിണറുകള്‍ക്കും ആഴം കൂട്ടാതെ തന്നെ ആഴം കൂട്ടിയതായി സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നും ഗുണമേന്മയില്ലാത്ത പൈപ്പുകളും മോട്ടോര്‍ പമ്പുകള്‍ക്കും ഗുണമേന്മ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നുമാണ് കണ്ടെത്തിയത്.
ഗ്രാമപഞ്ചായത്തുകളില്‍ ആക്‌ടിവിറ്റി കമ്മിറ്റികള്‍ മുഖാന്തരമാണ് നിലവില്‍ പഞ്ചായത്തുകളില്‍ ശുദ്ധജല വിതരണ പദ്ധതികള്‍ നടത്തി വരുന്നത്. എന്നാല്‍, ജിഎല്‍പിസി മുഖാന്തരം ഇത്തരത്തില്‍ ഏറ്റെക്കുന്ന പദ്ധതിയുടെ കരാര്‍ പലപ്പോഴും ഇഷ്‌ടകാര്‍ക്ക് ലഭിക്കുന്ന സാഹചര്യമുണ്ടെന്നും ഇതു കാരണം പല പദ്ധതികളും മുടങ്ങി കിടക്കുകയാണെന്നും വിജിലന്‍സിന് രഹസ്യവിവരം ലഭിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ സംസ്ഥാന വ്യാപകമായി കോടി കണക്കിന് രൂപയുടെ പദ്ധതികള്‍ ഇത്തരത്തില്‍ അഴിമതി കാരണം നിശ്ചലാവസ്ഥയിലെന്നും വിജിലന്‍സിന്‍റെ പരിശോധനയില്‍ കണ്ടെത്തി.
ജലനിധി പദ്ധതി പ്രകാരം സ്ഥാപിക്കുന്ന ജലസ്രോതസുകളില്‍ നിന്നും 10 ശതമാനം മാത്രമേ ഉപഭോക്തൃത ഫീസ് വാങ്ങാന്‍ പാടുള്ളു. എന്നാല്‍, പലപ്പോഴും ഇതിന്‍റെ ഇരട്ടിയോളം തുക പിരിച്ചെടുത്തതായി പരിശോധനയില്‍ കണ്ടെത്തി. നിലവില്‍ കണ്ടെത്തിയ ക്രമക്കേടുക്കളിലെ ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വരും ദിവസങ്ങളില്‍ വ്യാപകമായ അന്വേഷണം നടത്തിയ ശേഷം കണ്ടെത്തും. ഇതിന് ശേഷമാകും നടപടികള്‍ സ്വീകരിക്കുക.