തിരുവനന്തപുരം: കൈക്കൂലി കേസിൽ ഡിജിപി ടോമിൻ തച്ചങ്കരിക്ക് വിജിലൻസിന്‍റെ ക്ലീൻ ചിറ്റ്. ഗതാഗത കമ്മിഷണറായിരിക്കെ കൈക്കൂലി വാങ്ങിയെന്ന കേസിലാണ് വിജിലൻസ് അന്വേഷണസംഘം ഡിജിപി ടോമിൻ തച്ചങ്കരിക്ക് ക്ലീൻ ചിറ്റ് നൽകിയിരിക്കുന്നത്. പാലക്കാട് ആർടിഒയിൽ നിന്ന് മൂന്ന് ലക്ഷം വാങ്ങിയെന്നായിരുന്നു തച്ചങ്കരിക്കെതിരായ കേസ്.
തച്ചങ്കരിക്കെതിരായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് സമർപ്പിച്ചു. പരാതിയോടൊപ്പം സമർപ്പിച്ചിരിക്കുന്ന ഓഡിയോ ടേപ്പിന് വിശ്വാസ്യതയില്ലെന്നും അന്വേഷണത്തിൽ കൈക്കൂലി ഇടപാട് നടന്നത് സംബന്ധിച്ച് യാതൊരു തെളിവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
തച്ചങ്കരിക്കെതിരെ വകുപ്പുതല അന്വേഷണവും തുടർ നടപടികളും സ്വീകരിക്കാമെന്നും വിജിലൻസ് റിപ്പോർട്ടിൽ പറയുന്നുണ്ട്. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന സമയത്താണ് ടോമിൻ തച്ചങ്കരിക്കെതിരെ പരാതി ഉയർന്നതും കേസെടുത്തതും.